ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ്: ഉടൻ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി
രാജ്യത്ത് ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം എത്രയും വേഗം പ്രയോഗത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തിൽ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
''രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയങ്ങളുമെല്ലാം. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ഇത് ശക്തമാക്കും. രാജ്യത്തെ വിഭങ്ങളിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കി വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രിക്കുന്നത്. യൂണിഫോം സിവിൽകോഡ് എന്നതിലൂടെ ഒരു മതേതര സിവിൽകോഡ് ഉറപ്പാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്'' - പ്രധാനമന്ത്രി പറഞ്ഞു.
'അർബൻ നക്സലുകൾ' ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ' ജനാധിപത്യവും ഭരണഘടനയും ഉയർത്തിപ്പിടിച്ച് അർബൻ നക്സലുകൾ ഇന്ത്യൻ ജനതയെ വിഭജിക്കാൻ ശ്രമിക്കുന്നു. വനങ്ങൾ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന ആയുധധാരികളുടെ നക്സലിസം അവസാനിപ്പിച്ചുകൊണ്ടുവരാൻ നമുക്കായി. എന്നാൽ അപ്പോഴാണ് അർബൻ നക്സലുകളുടെ വരവ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം." മോദി പറഞ്ഞു.
2014ല്‍ അധികാരത്തിലേറിയതുമുതല്‍ ബിജെപി മുന്നോട്ടുവെച്ച പ്രധാന ആശയങ്ങളിലൊന്നായിരുന്നു ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിവ . ഇത് യഥാർഥ്യത്തിലേക്ക് അടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗം. ഒരു രാജ്യം - ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സമർപ്പിച്ച ശുപാർശകൾ കഴിഞ്ഞമാസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.
ദിനപത്രമായ ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച്, സിനിമ സംവിധായകൻ വിവേക് അഗ്നിഹോത്രി 2017 മെയ് മാസത്തിൽ വലതുപക്ഷ മാസികയായ സ്വരാജ്യയിൽ എഴുതിയ ലേഖനത്തിലാണ് 'അർബൻ നക്സൽ' എന്ന പദം ഉപയോഗിക്കുന്നത്. ദ താഷ്‌കൻ്റ് ഫയൽസ്, ദി കശ്മീർ ഫയൽസ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. 2018-ൽ മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവർത്തകരെയും അഭിഭാഷകരെയും ആക്ടിവിസ്റ്റുകളെയും മോദി സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് 'അർബൻ നക്സൽ' എന്ന പദം വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്.