കോവിഡ് കാലത്തും വരുമാനം നിലനിര്‍ത്തി താജ്മഹല്‍
കോവിഡ് പ്രതിസന്ധിയിലും രാജ്യത്ത് ഏറ്റവും പണം വാരിയ ചരിത്രസ്മാരകമായി താജ്മഹല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം 132 കോടി രൂപ ലഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
താജ്മഹലില്‍ നിന്നുള്ള വരുമാനം
കോവിഡ് വ്യാപനം മൂലം രാജ്യത്തെ പൈതൃക സ്ഥലങ്ങളും സ്മാരകങ്ങളും മാസങ്ങളോളം അടച്ചിടുകയും സന്ദര്‍ശകരുടെ എണ്ണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്ത 2019-20 സാമ്പത്തിക വര്‍ഷത്തില്‍ താജ്മഹലില്‍ നിന്ന് മാത്രം 97.5 കോടിയും 2020-21 വര്‍ഷത്തില്‍ 9.5 കോടിയും 2021-22 വര്‍ഷത്തില്‍ 25.61 കോടിയും വരുമാനം ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
മുഗള്‍ രാജകുടുംബത്തിന്റെ ശവകുടീരങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്ത് പ്രവേശിക്കുന്നതിനുള്ള 200 രൂപ വരുന്ന പ്രത്യേക ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം 17.76 കോടിയുടെ ടിക്കറ്റ് വരുമാനം ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മറ്റ് സുപ്രധാന വരുമാനങ്ങള്‍
റെഡ് ഫോര്‍ട്ടില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ 2021-22 വര്‍ഷത്തില്‍ 6.01 കോടിയും ഡല്‍ഹിയിലെ കുത്തബ് മിനാറില്‍ നിന്ന് 5.67 കോടി രൂപയുമാണ് വരുമാനം ലഭിച്ചത്. റെഡ് ഫോര്‍ട്ടില്‍ നിന്ന് 2019-20 വര്‍ഷത്തില്‍ 16.23 കോടിയും 2020-21 വര്‍ഷത്തില്‍ 90 ലക്ഷവുമായിരുന്നു.
ആഗ്ര കോട്ട, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, ചിത്തോര്‍ഗഡ് കോട്ട, ഖജുരാഹോ ക്ഷേത്രങ്ങള്‍, എല്ലോറ ഗുഹകള്‍, പൂനെയിലെ ശനിവാര്‍ വാഡ, ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കോട്ട, ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം എന്നിവയും മികച്ച വരുമാനം നേടിയ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുണ്ട്. രാജ്യത്ത് 143 ടിക്കറ്റ് സൈറ്റുകള്‍ ഉള്‍പ്പെടെ 3,693 സ്മാരകങ്ങളുടെ നിയന്ത്രണമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കുള്ളത്. കോവിഡ് നിയന്ത്രണങ്ങളിലടക്കം ഇളവ് ലഭിച്ച സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെയുള്ള വരുമാനം ഇനിയും വര്‍ധിക്കാനാണ് സാധ്യത.