സദാചാര ഗുണ്ടായിസം; മംഗളൂരുവില്‍ മൂന്ന് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

സദാചാര ഗുണ്ടായിസം; മംഗളൂരുവില്‍ മൂന്ന് മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

സംഭവത്തില്‍ തലപ്പാടി, ഉള്ളാള്‍ സ്വദേശികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Updated on
1 min read

മംഗളൂരു സോമേശ്വര്‍ ബീച്ചില്‍ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി 7.30നാണ് ഉള്ളാൾ സോമേശ്വര ബീച്ചില്‍ കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ തലപ്പാടി, ഉള്ളാള്‍ സ്വദേശികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്നത് ക്രൂരമര്‍ദനമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. കല്ലുകൊണ്ട് ഇടിച്ചുവെന്നും ബെല്‍റ്റുകൊണ്ട് മര്‍ദിച്ചുവെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. പോലീസാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഒരുമിച്ചുണ്ടായിരുന്നത്. ഒരു സംഘം ആള്‍ക്കാരെത്തി ഇവരുടെ പേര് ചോദിച്ചു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണെന്ന് ഉറപ്പാക്കിയ ശേഷം ആണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ട സഹപാഠികളുമായി ബീച്ചില്‍ പോയത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നാണ് വിവരം

അക്രമി സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയും അശ്ലീലം പറയുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളെയും ഇവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മര്‍ദിച്ചവര്‍ തീവ്രഹിന്ദു സംഘടനയിലുള്ളവരാണ്.

ഒരാഴ്ചക്കിടെ കര്‍ണാടകയില്‍ നടക്കുന്ന മൂന്നാമത്തെ സദാചാര ഗുണ്ടാ ആക്രമണമാണിത്. നേരത്തെ ചിക്കമംഗളൂരുവിലും സമാന ആക്രമണമുണ്ടായിരുന്നു.

മുഴുവൻ പ്രതികളെയും കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി ഉള്ളാൾ പൊലീസ് അറിയിച്ചു. ബീച്ചില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പരുക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും ദേര്‍ലകട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

logo
The Fourth
www.thefourthnews.in