തകര്‍ന്ന മോര്‍ബി പാലം
തകര്‍ന്ന മോര്‍ബി പാലം

'പാലം തുറക്കാന്‍ പാടില്ലായിരുന്നു': മോർബി ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍

മുൻസിപ്പാലിറ്റിയിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പ് തുറന്ന പാലം നാലാം ദിവസം തകർന്നുവീഴുകയായിരുന്നു
Updated on
1 min read

മോർബി തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്‍സിപ്പല്‍ കോർപറേഷന്‍. പാലം തുറന്നുകൊടുക്കാന്‍ പാടില്ലായിരുന്നുവെന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പാലം പുതുക്കിപ്പണിയാന്‍ ചുമതലപ്പെടുത്തിയ കമ്പനി മുന്‍കൂർ അനുമതിയില്ലാതെയും അറ്റക്കുറ്റപ്പണി നടക്കുന്നത് അറിയിക്കാതെയും പാലം തുറന്നുകൊടുക്കുകയായിരുന്നെന്ന് മുന്‍സിപ്പല്‍ കോർപറേഷന്‍ വ്യക്തമാക്കി.

ബുധനാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി മുന്‍സിപ്പല്‍ കോർപറേഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും വിശദീകരണം നല്‍കാന്‍ വൈകിയതിനായിരുന്നു വിമർശനം. ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 150 വര്‍ഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് കരാര്‍ നല്‍കിയതിന്റെ വിശദാംശങ്ങളും കോടതി ആവശ്യപ്പെട്ടിരുന്നു.

ഒറെവ ഗ്രൂപ്പ് എന്ന കമ്പനിക്കായിരുന്നു മോര്‍ബി നഗര്‍ നടപ്പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല

മോര്‍ബി പാലത്തിന്റെ അറ്റകുറ്റപ്പണി നടന്നതില്‍ വന്‍ ക്രമക്കേട് നടന്നതായി ദുരന്തത്തിന് പിന്നാലെ കണ്ടെത്തിയിരുന്നു. അനുവദിച്ച തുകയുടെ ആറ് ശതമാനം മാത്രമാണ് വിനിയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കോടി രൂപ അറ്റകുറ്റപ്പണിക്കായി അനുവദിച്ചപ്പോള്‍ 12 ലക്ഷം രൂപ മാത്രമാണ് കമ്പനി വിനിയോഗിച്ചതെന്നും വ്യക്തമായിരുന്നു.

ഒറെവ ഗ്രൂപ്പ് എന്ന കമ്പനിക്കാണ് മോര്‍ബി നഗര്‍ നടപ്പാലത്തിന്റെ അറ്റകുറ്റപണിയുടെ ചുമതല. 15 വര്‍ഷത്തേയ്ക്കാണ് കരാര്‍. ആറുമാസം നീണ്ടുനിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമായിരുന്നു പാലം അടുത്തിടെ തുറന്നത്. ഗുജറാത്തി പുതുവര്‍ഷത്തില്‍ പാലം വീണ്ടും തുറക്കാന്‍ തയ്യാറാണെന്നും സുരക്ഷിതമാണെന്നും ഒക്ടോബര്‍ 24 നാണ് ഒറെവ ഗ്രൂപ്പ് ചെയര്‍മാന്‍ ജയ്സുഖ് പട്ടേല്‍ പ്രഖ്യാപിച്ചത്. മുൻസിപ്പാലിറ്റിയിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പ് തുറന്ന പാലം നാലാം ദിവസം തകർന്നുവീണു.

logo
The Fourth
www.thefourthnews.in