ഇന്ത്യയിലെ 39 ശതമാനം കുടുംബങ്ങളും ഓൺലൈൻ തട്ടിപ്പിന് ഇരയായവർ; റിപ്പോർട്ട് പുറത്ത്
ഓൺലൈൻ തട്ടിപ്പ് രാജ്യത്ത് വർധിച്ചു വരുന്നതായി സർവേ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ 39 ശതമാനം വരുന്ന കുടുംബങ്ങളും ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതിൽ 24 ശതമാനം വരുന്ന ആളുകൾക്ക് മാത്രമേ പണം തിരികെ ലഭിച്ചിട്ടുള്ളൂ. ഓൺലൈൻ സർക്കിൾസ് നടത്തിയ സർവേയിലൂടെയാണ് വിവരം പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ 331 ജില്ലകളിലെ കുടുംബങ്ങളിൽ നിന്നായി ലഭിച്ച ഏകദേശം 32,000 പ്രതികരണങ്ങളിൽ നിന്നാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ 66 ശതമാനം പുരുഷന്മാരും, ബാക്കി 34 ശതമാനം സ്ത്രീകളും ഉൾപ്പെടുന്നു.
ഓൺലൈൻ വഴിയുള്ള വില്പന, വാങ്ങൽ, ക്ലാസിഫൈഡുകളുടെ ഉപയോഗം എന്നിവയിലൂടെയാണ് 13 ശതമാനം ആളുകളും പറ്റിക്കപ്പെട്ടിരിക്കുന്നത്
സർവേയിൽ പങ്കെടുത്ത ആളുകളുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ 23 ശതമാനം ആളുകളും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴിയുള്ള തട്ടിപ്പുകൾക്കാണ് ഇരയായിരിക്കുന്നത്. ഓൺലൈൻ വഴിയുള്ള വില്പന, വാങ്ങൽ, ക്ലാസിഫൈഡുകളുടെ ഉപയോഗം എന്നിവയിലൂടെയാണ് 13 ശതമാനം ആളുകളും പറ്റിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഓൺലൈൻ വഴി സാധനം വാങ്ങാനായി ഓർഡർ ചെയ്തത് വഴി 13 ശതമാനം ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഓർഡർ ചെയ്ത സാധനങ്ങൾ ലഭിച്ചിട്ടില്ല. 10 ശതമാനം വരുന്ന ആളുകൾ എടിഎം കാർഡ് തട്ടിപ്പ് വഴി പണം നഷ്ടമായെന്ന് വ്യക്തമാക്കിയപ്പോൾ, 10 ശതമാനം ആളുകൾ ബാങ്ക് തട്ടിപ്പിനിരയായത് വഴി പണം നഷ്ടമായെന്നും, ബാക്കി 16 ശതമാനം ആളുകൾ മറ്റ് ചില ഓൺലൈൻ തട്ടിപ്പുകൾ വഴി പണം നഷ്ടമായതായും സർവേയിൽ പറഞ്ഞു.
'സർവേയിൽ പങ്കെടുത്ത 30 ശതമാനം വരുന്ന ആളുകളുടെയും കുടുംബത്തിലെ ഒരാൾ എങ്കിലും സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളുടെ കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ സാമ്പത്തിക തട്ടിപ്പിന് വിധേയരായതായി ബാക്കിയുള്ള 9 ശതമാനം വരുന്ന ആളുകൾ സൂചിപ്പിച്ചു. കുടുംബത്തിലെ ആളുകൾ ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതായി 57 ശതമാനം വരുന്ന ആളുകൾ പറഞ്ഞപ്പോൾ, നാലു ശതമാനം വരുന്ന ആളുകൾ പ്രതികരണമൊന്നും നൽകിയില്ല', ഓൺലൈൻ സർവേ നടത്തുന്ന സ്ഥാപനമായ ലോക്കൽ സർക്കിൾസ് റിപ്പോർട്ടിൽ വ്യക്തമാക്കി.
ഓൺലൈൻ തട്ടിപ്പിനിരയായവർക്ക് നഷ്ടമായ അവരുടെ തുക തിരികെ ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ 24 ശതമാനം ആളുകളും അവരുടെ തുക മടക്കി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പ്രതികരിച്ചു. എന്നാൽ 70 ശതമാനം ആളുകൾ പരാതിയിൽ പരിഹാരം ലഭിച്ചില്ലെന്ന് വ്യക്തമാക്കി. 18 ശതമാനം ആളുകൾ നിയുക്ത പ്ലാറ്റ്‌ഫോമിലോ സ്ഥാപനത്തിലോ പരാതി നൽകിയത് വഴി പണം തിരികെ ലഭിച്ചതായും 6 ശതമാനം ആളുകൾ അധികാരികൾക്ക് പരാതി നൽകിയത് വഴി പണം മടക്കി കിട്ടിയതായും വ്യക്തമാക്കി. എന്നാൽ 12 ശതമാനം വരുന്ന ആളുകൾ പരാതി നൽകിയിട്ടും കാര്യമില്ല,പണം തിരികെ ലഭിക്കില്ലെന്ന് കരുതുന്നവരാണ്, സർവേ പറയുന്നു.
കഴിഞ്ഞ വർഷം നടത്തിയ സർവേയിലെ പ്രതികരണവുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്ന കുടുംബങ്ങളുടെ ശതമാനം 2022 നെ അപേക്ഷിച്ച് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ 18 ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയർന്നു. സർവേയിൽ പ്രതികരിച്ചവരിൽ 39 ശതമാനം വരുന്ന ആളുകൾ ടയർ 1 ജില്ലകളിൽ നിന്നുള്ളവരാണ്. ബാക്കിയുള്ള 35 ശതമാനം വരുന്ന ആളുകൾ ടയർ 2 ജില്ലകളിൽ നിന്നുള്ളവരും, 26 ശതമാനം ആളുകൾ ടയർ 3, 4 ഉൾപ്പെടുന്ന ഗ്രാമപ്രദേശ മേഖലയിൽ നിന്നുള്ളവരുമാണ്.