സഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകുന്നില്ല; മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയിലേക്ക്
വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് ലോക്‌സഭാംഗം മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിക്കും. കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെയാണ് ഹർജി സമർപ്പിക്കുക. സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ജനുവരി 25നാണ് സസ്പെൻഡ് ചെയ്തത്. 10 വർഷം കഠിനതടവിന് ശിക്ഷിച്ചതും എം പി സ്ഥാനം അസാധുവാക്കിയതും നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പും ഒഴിവാക്കിയിരുന്നു.
മുൻ കേന്ദ്ര മന്ത്രി പി എം സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് എം പിയെ ശിക്ഷിച്ചത്. 2009 ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദ് ഫൈസൽ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുൾ അമീർ, മൂന്നും നാലും പ്രതികളായ മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവരുടെ ശിക്ഷയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.