മധ്യപ്രദേശിലെ 'ബുള്‍ഡോസർ രാജ്' ലക്ഷ്യമാക്കിയത് ബീഫ് സൂക്ഷിച്ചവരെ തന്നെ; വീട് നഷ്ടമായവർ ദുരിതത്തില്‍
മധ്യപ്രദേശിലെ മാണ്ഡ്‌ല ജില്ലയിലെ ഭൈൻസ്വാഹി ഗ്രാമത്തില്‍ പൊളിച്ചു നീക്കിയത് ബീഫ് കണ്ടെത്തിയ വീടുകള്‍ തന്നെയെന്ന് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥന്‍. സർക്കാർ ഭൂമിയില്‍ അനധികൃതമായി നിർമിച്ച വീടുകളാണ് പൊളിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസ് നല്‍കിയ വിശദീകരണം. ബീഫ് കണ്ടെത്തിയ 11 വീടുകളായിരുന്നു പ്രദേശത്ത്നിന്ന് ബുള്‍ഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. സർക്കാർ ഭൂമിയില്‍ അനധികൃതമായി നിർമിച്ച 16 കെട്ടിടങ്ങള്‍ പൊളിക്കാതെ അവശേഷിക്കുന്നുമുണ്ട്. ഖുറേഷി വിഭാഗത്തിലെയാളുകളുടെ വീടുകളാണ് പൊളിച്ചിട്ടുള്ളത്.
ബീഫ് കണ്ടെത്തിയ വീടുകളാണ് നിലവില്‍ പൊളിച്ചിട്ടുള്ളതെന്ന് നായിൻപൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ ഇന്ദർ ബാല്‍ദേവാണ് വ്യക്തമാക്കിയത്. "ഏത് വീടുകളൊക്കെയാണ് പൊളിക്കേണ്ടതെന്നത് ഞങ്ങളുടെ പ്രോട്ടോക്കോളിന്റെ ഭാഗമല്ല. റവന്യു വകുപ്പാണ് അത് തീരുമാനിച്ചത്. ഞങ്ങള്‍ പശുക്കടത്തുകാർക്കെതിരെ നടപടിയെടുക്കുകയായിരുന്നു. സംഘത്തിന്റെ പക്കല്‍ നിന്ന് പശുവിന്റെ തോല്‍ വാങ്ങിയ ലെതർ കമ്പനികളും മാംസം വാങ്ങിയവരും അന്വേഷണം നേരിടേണ്ടി വരും," ഇന്ദർ ബാല്‍ദേവ് പറഞ്ഞു.
പ്രത്യേക വീടുകള്‍ ലക്ഷ്യമാക്കിയായിരുന്നില്ല നടപടിയെന്നാണ് മാണ്ഡ്‌ല ജില്ലാ കലക്ടർ സലോണി സിദാന നല്‍കുന്ന വിശദീകരണം. "2022 മുതല്‍ പ്രാദേശിക ഭരണകൂടം പ്രദേശവാസികള്‍ക്ക് നോട്ടീസ് നല്‍കുന്നതാണ്. ഈ മേഖലകളില്‍ നടപടിയെടുക്കുക അധികാരികളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള ഒന്നാണ്. 2016ല്‍ വാറന്റുമായി പോയ പോലീസ് ഉദ്യോഗസ്ഥൻ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു," സലോണി ചൂണ്ടിക്കാണിച്ചു.
ഗോവധ നിരോധനം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്. ആദിവാസി വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള ജില്ലയാണ് മണ്ഡ്ല. കുറ്റാരോപിതരായ 11 പേരുടെ വീട്ടുമുറ്റത്ത് 150 പശുക്കളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയതായി മണ്ഡ്‌ല എസ്പി രജത് സക്ലേച്ച പറഞ്ഞു. അവയെ ഗോസംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകള്‍.
മുസ്ലിം, ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള 1,100 പേര് താമസിക്കുന്ന ഗ്രാമമാണ് ഭൈൻസ്വാഹി. ഏകദേശം 80 മുസ്ലിം കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. ജൂലൈ 14നായിരുന്നു സർക്കാർ ഭൂമിയില്‍ കെട്ടിടം നിർമിച്ചുവെന്ന് ആരോപിച്ച് 27 വീടുകളില്‍ പോലീസ് പരിശോധന നടത്തിയത്.
പരിശോധനയുമായി ബന്ധപ്പെട്ട എഫ്ഐആറില്‍ ആദില്‍ ഖുറേഷി എന്ന് പേരുള്ള ഒരു വ്യക്തിയാണ് ഗോവധത്തിന് പിന്നിലുള്ളതെന്ന് പറയുന്നു. ആദിലിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും കടന്നുകളഞ്ഞെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
ദുരിത സാഹചര്യത്തിലൂടെയാണ് വീട് നഷ്ടമായവർ നീങ്ങുന്നത്. 'ഈദിന്റെ അന്ന് ഞങ്ങള്‍ തുറസായ സ്ഥലത്താണ് ഉറങ്ങിയത്. ഇന്ന് മഴ പെയ്തു. എനിക്ക് പുറമെ മൂന്ന് സ്ത്രീകള്‍ക്കൂടി ഞങ്ങളുടെ കുടുംബത്തിലുണ്ട്. ഞങ്ങള്‍ക്ക് ഒരു വസ്ത്രം മാത്രമാണുള്ളത്. ഞങ്ങള്‍ സഹായത്തിനായി പല വാതിലുകളും മുട്ടി, ആരും സഹായിക്കാൻ തയ്യാറായില്ല', സുല്‍ത്താന ഖുറേഷി പറഞ്ഞു.
അനധികൃത ഭൂമിയില്‍ കഴിഞ്ഞ 25 വർഷമായി താമസിക്കുന്നവരുടെ വീട് പൊളിക്കാതെ ബീഫ് കണ്ടെത്തിയ വീട് മാത്രം നശിപ്പിച്ചതിന് പിന്നിലെ കാരണവും ചിലർ ചോദിക്കുന്നു. "എനിക്ക് ഗ്രാമത്തില്‍ രണ്ട് വീടുകളാണുള്ളത്. സർക്കാർ ഭൂമിയില്‍ തന്നെയാണ് നിർമിച്ചിരിക്കുന്നതും. കഴിഞ്ഞ 25 വർഷമായി ഞാൻ ഇവിടെ താമസിക്കുകയാണ്. മറ്റുള്ളവരുടെ വീട് പൊളിക്കുകയാണെങ്കില്‍ എന്റെയും പൊളിക്കണം. അവരുടെ വീട്ടില്‍ ബീഫ് കണ്ടെത്തി എന്നത് മാത്രമാണ് വ്യത്യാസം," അഷിയ ഖുറേഷ് പറഞ്ഞു.