രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്
Updated on
2 min read

രാജ്യത്ത് ആദ്യമായി എം പോക്‌സ്(മങ്കി പോക്‌സ്) രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യത്തു തിരിച്ചെത്തിയതാണ് യുവാവ്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

2022-ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധയ്ക്ക് സമാനമായ രോഗബാധയാണ് യുവാവില്‍ കണ്ടെത്തിയത്. എന്നാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നേരത്തെ എം പോക്‌സ് രോഗബാധ സംശയത്തെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എംപോക്സ് ബാധ സംശയമുണ്ടെങ്കില്‍ നീരീക്ഷണം കര്‍ശനമാക്കണം, ടെസ്റ്റിങ് കാര്യക്ഷമമാക്കണം, രോഗ ബാധ സ്ഥിരീകരിച്ചാല്‍ ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. രോഗം പകരുന്നത് തടയാന്‍ ആവശ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം
'പാർട്ടിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്‌തിട്ടില്ലെന്ന് മമത

എന്താണ് എംപോക്സ്

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കുരങ്ങ് വസൂരി എന്നറിയപ്പെടുന്ന എംപോസ്ക്. എണ്‍പതുകളുടെ അവസാനത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയുണ്ടാക്കുന്ന വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിന് സമാനതകളേറെയാണ്.

മധ്യ പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം സാധാരണ കണ്ടുവന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ ഇഗ്ലണ്ട് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, കാനഡ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രോഗ തീവ്രത

സ്‌മോള്‍ പോക്‌സ് അഥവാ വസൂരിയുടെ രോഗാണുവിനെപ്പോലെ തന്നെ പോക്‌സ് വൈറസ് കുടുംബത്തില്‍പെട്ട ഓര്‍ത്തോ പോക്‌സ് വൈറസാണ് എംപോക്‌സ് രോഗത്തിന് കാരണക്കാര്‍. മങ്കി പോക്‌സിന് രോഗലക്ഷണങ്ങളിലും വസൂരിയോട് സാമ്യമേറെയാണ്. എന്നാല്‍ രോഗ തീവ്രതയും മരണനിരക്കും വസൂരിയെ അപേക്ഷിച്ച് കുറവാണ്.

പോക്‌സ് വൈറിഡേ കുടുംബത്തിലെ ഓര്‍ത്തോ പോക്‌സ് വിഭാഗത്തില്‍പ്പെടുന്ന ഡിഎന്‍എയുള്ള വൈറസ് ആണ് മങ്കി പോക്‌സിന് പിന്നില്‍. രണ്ട് ജനിതക ശ്രേണികളുള്ള മങ്കി പോക്‌സ് വൈറസുകളാണുള്ളത്. മധ്യ ആഫ്രിക്കന്‍ ( കോംഗോ ബേസിന്‍ ) വൈറസും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മങ്കി പോക്‌സ് വൈറസും. ഇതില്‍ മധ്യ ആഫ്രിക്കന്‍ ഇനമാണ് കൂടുതലായി കണ്ടുവരുന്നത് കൂടാതെ മനുഷ്യനിലേക്ക് വ്യാപിക്കാനുള്ള സാധ്യതയും ഇതിന് കൂടുതലാണ്.

പകര്‍ച്ചാ രീതി

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പടരും. അണ്ണാന്‍, എലി വര്‍ഗത്തില്‍പെട്ട ജീവികളും കുരങ്ങുകളും രോഗവാഹകരാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മങ്കി പോക്സ് വൈറസിനെ ശരീരത്തില്‍ സൂക്ഷിച്ച് വെക്കുകയും രോഗം പടര്‍ത്തുകയും ചെയ്യുന്ന ജീവികളെ കണ്ടെത്താനുള്ള വിശദമായ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തില്‍ നിന്നും ശരീരസ്രവങ്ങളില്‍ നിന്നും അവയുടെ തൊലിപ്പുറമേയുള്ള പാടുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴിയും മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യതയുണ്ട്. രോഗ വാഹകരായ മൃഗങ്ങളുടെ മാംസം ശരിയായി വേവിക്കാതെ കഴിക്കുന്നത് മൂലവും രോഗം പടരാം.

രോഗം ബാധിച്ച വ്യക്തികളുടെ ശരീര സ്രവങ്ങളില്‍ നിന്നും രോഗ ബാധ മൂലം ശരീരത്തിലുണ്ടായ പാടുകളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാം. രോഗികള്‍ ഉപയോഗിച്ച കിടക്ക പുതപ്പ്, ടവല്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെയും രോഗ വ്യാപനത്തിന് സാധ്യത കൂടുതലാണ്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും രോഗം പടരാം.

രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം
ഇന്ത്യയിലെ അര്‍ബുദ ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗവും പോഷകാഹാരക്കുറവുള്ളവര്‍; നിര്‍ണായക കണ്ടെത്തലുമായി പഠനം

രോഗ ലക്ഷണങ്ങള്‍

  • സാധാരണ ഗതിയില്‍ ഇന്‍ക്യൂബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ് എന്നാല്‍ ചില സമയത്തിത് അഞ്ച് മുതല്‍ 21 ദിവസവുമാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

  • പനി, ശക്തമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും കുമിളകള്‍ വരാം.

  • രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചാണ് രോഗം ഗുരുതരമാകാനുള്ള സാധ്യത. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമായി കണ്ടുവരാറുള്ളത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നവയാണ്.

പരിശോധന എങ്ങനെ

പിസിആര്‍ പരിശോധന സാധ്യമാകുന്ന ഏത് ലബോറട്ടറിയിലും കുരങ്ങു പനി പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങി സാംപിള്‍ പരിശോധനയിലൂടെയാണ് പരിശോധന നടക്കുക. പോസറ്റീവാകുന്ന എല്ലാ സാംമ്പിളുകളും പൂനയിലെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടിലേയ്ക്ക് അയക്കണം .

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്

പ്രതിരോധം മാര്‍ഗങ്ങള്‍

  • ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം പ്രകടമാകുമ്പോള്‍ തന്നെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടുക.

  • രോഗലക്ഷണം കാണിക്കുന്നവരുമായി ശാരീരിക അകലം പാലിക്കുക.

  • കുരങ്ങുകളുമായോ മറ്റ് വന്യ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക .

  • ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങളുടെ കടിയോ മാന്തോ ഏല്‍ക്കാനിടടയായാല്‍ സോപ്പും വെള്ളവുമുപപയോഗിച്ച വൃത്തിയാക്കുക

  • മാംസാഹാരം നല്ല പോലെ വേവിച്ച് മാത്രം കഴിക്കുക

  • അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പാള്‍ കൂടുതല്‍ ശ്രദ്ധപാലിക്കുക

logo
The Fourth
www.thefourthnews.in