മുകേഷ് അംബാനിക്ക് ഇന്ത്യയിലും വിദേശത്തും Z+ സെക്യൂരിറ്റി ഉറപ്പാക്കണം: സുപ്രീംകോടതി
ശതകോടീശ്വരനായ വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും Z+ സെക്യൂരിറ്റി ലഭ്യമാക്കണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുളള സുരക്ഷയുടെ ചെലവുകള്‍ അംബാനി തന്നെ വഹിക്കണം. മുകേഷ് അംബാനിയും കുടുംബവും ഇന്ത്യയിലാണെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാരും രാജ്യത്തിന് പുറത്താണെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമാണ് സുരക്ഷ ഉറപ്പാക്കേണ്ടതെന്നും ജസ്റ്റിസുമാരായ കൃഷ്ണ മൂര്‍ത്തിയും അമാനുളളയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. അംബാനിക്കും കുടുംബത്തിനും ലഭിച്ചിട്ടുളള ഭീഷണി കത്തുകള്‍ സംബന്ധിച്ച യഥാര്‍ഥ ഫയലുകള്‍ ഹജാരാക്കുവാനായി ആഭ്യന്തര മന്ത്രാലയത്തോട് ത്രിപുര ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഹര്‍ജിയില്‍ ബികാഷ് സാഹ എന്ന വ്യക്തി സമര്‍പ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിധി.
കേന്ദ്രത്തിന്‍റെ പ്രത്യേക ഹർജിയില്‍ 2022 ജൂണില്‍ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച്, ഫയലുകള്‍ ഹജരാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ജൂലൈയില്‍ മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച്, സ്വന്തം ചെലവില്‍ അംബാനിക്കും കുടുംബത്തിനും മതിയായ സുരക്ഷ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് റിട്ട് ഹര്‍ജി അവസാനിപ്പിച്ചു.
മഹാരാഷ്ട്രയിൽ മാത്രമാണോ അംബാനിക്ക് സുരക്ഷ അനുവദിച്ചിരിക്കുന്നത് എന്നത് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബികാഷ് സാഹ സമര്‍പ്പിച്ച ഹർജി. രാജ്യത്തെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നിരവധി ഭീഷണികള്‍ അംബാനി കുടുംബത്തിന് നേരെ ഉയരുന്നതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്താഗി പറഞ്ഞു.
ഭീഷണി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍, സ്വന്തം ചെലവിലാണ് സുരക്ഷ ലഭ്യമാക്കുന്നതെങ്കില്‍ ഒരു സ്ഥലത്ത് മാത്രമായി കേന്ദ്രീകരിക്കാന്‍ സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വ്യവസായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് അകത്തും പുറത്തും വ്യാപിച്ച് കിടക്കുന്നതിനാല്‍ സുരക്ഷ ഒരു സ്ഥലത്ത് പരിമിതപ്പെടുത്തിയാല്‍ കാര്യമുണ്ടാകില്ലെന്നും കോടതി പറഞ്ഞു.