മുക്താർ അൻസാരി
മുക്താർ അൻസാരി

യുപി മുൻ എംഎൽഎ മുക്താർ അൻസാരിക്ക് ജീവപര്യന്തം തടവ്; ശിക്ഷ 32 വര്‍ഷം മുൻപത്തെ കൊലപാതകക്കേസിൽ

കഴിഞ്ഞ മെയ് ഒൻപതിന് വാദം പൂർത്തിയായ കേസിൽ വിധി പറയാനായി ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു
Updated on
1 min read

കോൺഗ്രസ് നേതാവിന്റെ കൊലപാതകക്കേസിൽ ഗുണ്ടാത്തലവനും ഉത്തർപ്രദേസിലെ മുൻ എംഎൽഎയുമായിരുന്ന മുക്താർ അൻസാരിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ അജയ് റായിയുടെ സഹോദരൻ അവദേശ് റായിയെ കൊലപ്പെടുത്തിയ കേസിലാണ് വാരാണസി കോടതി ശിക്ഷ വിധിച്ചത്. 32 വർഷം മുൻപത്തെ കേസിലാണ് ശിക്ഷാവിധി.

കഴിഞ്ഞ മെയ് ഒൻപതിന് വാദം പൂർത്തിയായ കേസിൽ വിധി പറയാനായി ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു. 1991 ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വീടിന് പുറത്ത് നിന്നിരുന്ന അവദേശ് റായിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്റെ കൊലപാതകത്തിൽ മുക്താർ അൻസാരിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അജയ് റായ് ആണ് കേസ് നൽകിയത്. ഭീം സിങ്, മുൻ എംഎൽഎ അബ്ദുൽ കലിം എന്നിവരും കേസിൽ പ്രതികളാണ്.

തന്റെയും കുടുംബത്തിന്റെയും ഒരുപാട് വർഷത്തെ കാത്തിരിപ്പിനാണ് കോടതി വിധിയോടെ അവസാനമായിരിക്കുന്നതെന്ന് അജയ് റായ് പ്രതികരിച്ചു. ''സർക്കാർ മാറിവന്നെങ്കിലും മുക്താർ ശക്തനാകുകയായിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നില്ല'' - അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി കേസുകളിൽ പ്രതിയാണ് മുക്താർ അൻസാരി. കൊലപാതകം തട്ടിക്കൊണ്ടുപോകൽ തുടങ്ങി നാല്പതോളം കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ട്. ഗുണ്ടാ ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട കേസിൽ ഗാസിപുർ കോടതി കഴിഞ്ഞ ഡിസംബറിൽ മുക്താറിന് 10 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിൽ ജയിൽശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് പുതിയ കേസിലെ ശിക്ഷാവിധി.

അഞ്ചു തവണ എംഎൽഎ ആയിരുന്നു മുക്താർ അൻസാരി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായായിട്ടായിരുന്നു കൊലപാതകമെന്ന് കോടതി കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in