മുലായം സിങ്: ബാബ്റി മസ്ജിദിന് മുകളിൽ 'ഒരു പക്ഷി പോലും പറക്കാനാവാതെ' സുരക്ഷ നൽകിയ നേതാവ്
രാഷ്ട്രീയ ജീവിതത്തിന്‌റെ അഞ്ചാംദശകത്തിലാണ് മുലായം സിങ് യാദവ് എന്ന സോഷ്യലിസ്റ്റ് നേതാവ് വിട പറയുന്നത്. പ്രാദേശിക നേതാവില്‍ തുടങ്ങി പ്രധാനമന്ത്രി പദത്തിന് അടുത്തുവരെ എത്തി നിന്ന രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്‌റേത്. ഗുസ്തിക്കാരനായിരുന്ന മുലായം റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളേറ്റെടുത്താണ് രാഷ്ട്രീയ ഗോദയിലേക്ക് കടന്നത്. വിദ്യാര്‍ഥി കാലത്ത് വലിയ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലായിരുന്നെങ്കിലും ബിരുദാനന്തര ബിരുദത്തിന് ശേഷം അധ്യാപക ജീവിതത്തിലേക്ക് കടന്നതിന് ശേഷമാണ് ലോഹ്യയുടേയും ജയപ്രകാശ് നാരായണിന്‌റേയും രാജ് നാരായണിന്‌റേയുമെല്ലാം രാഷ്ട്രീയത്തോട് മുലായം ചേര്‍ന്നു നിന്നത്.
സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്‌റെ പ്രായോഗിക കാലം അവസാനിച്ചെന്ന് മനസിലായപ്പോള്‍ തന്നെ തന്ത്രക്കാരനായ രാഷ്ട്രീയക്കാരന്‍ കൂടിയായ മുലായം സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു.
ജാതി രാഷ്ട്രീയം, പിന്നാക്ക രാഷ്ട്രീയം, മുസ്ലിം രാഷ്ട്രീയം തുടങ്ങി എല്ലാവര്‍ക്കൊപ്പവും ഉണ്ടെന്ന് തെളിയിക്കാനായതായിരുന്നു മുലായത്തിന്‌റെ വിജയം. അതിനപ്പുറം കര്‍ഷകരെ എക്കാലവും ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്‌റെ പ്രായോഗിക കാലം അവസാനിച്ചെന്ന് മനസിലായപ്പോള്‍ തന്നെ തന്ത്രക്കാരനായ രാഷ്ട്രീയക്കാരന്‍ കൂടിയായ മുലായം സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. ഹിന്ദി ഹൃദയ ഭൂമിയില്‍ അക്കാലത്തെ ശക്തരായ കോണ്‍ഗ്രസിനേയും വളര്‍ന്നുവരുന്ന ബിജെപിയേയും ഒരുപോലെ തടഞ്ഞുനിര്‍ത്താനായ കരുത്തനാണ് മുലായം. ലാലു പ്രസാദ് യാദവിനൊപ്പം ചേര്‍ന്ന് യാദവ രാഷ്ട്രീയത്തിന്‌റെ പ്രസക്തി രാജ്യത്ത് എപ്പോഴും നിലനിര്‍ത്തി.
1980 കളുടെ അവസാനത്തിൽ ബാബ്റി മസ്ജിദ് തകർക്കാൻ അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടത്തിയപ്പോൾ അതിനെ പ്രതിരോധിക്കാൻ രംഗത്തുവന്ന നേതാക്കളിൽ പ്രമുഖനായിരുന്നു മുലായം. 1992ല്‍ അയോധ്യയിലുണ്ടായ സംഭവവികാസങ്ങള്‍ മുലായത്തിന്‌റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ പോലീസ് വെടിവെപ്പിന് ഉത്തരവിട്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. ഒരു പക്ഷിക്ക് പോലും പറക്കാനാവാത്തത്ര സുരക്ഷ ബാബരി മസ്ജിദില്‍ ഒരുക്കുമെന്ന മുലായത്തിന്‌റെ വാക്കുകള്‍ ഏറെ വിവാദമായിരുന്നു. ഇതേതുടർന്ന് 'മൗലാന മുലായം' എന്നുപോലും അദ്ദേഹം എതിരാളികളാൽ വിശേഷിപ്പിക്കപ്പെട്ടു. ഇതൊക്കെ കൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹം പ്രധാന നേതാവായി. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി പദത്തിലേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടു.
1996-ല്‍ ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുലായത്തിനെ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ഏറ്റവുമധികം എതിര്‍ത്തതും ലാലുവായിരുന്നു. അത്തവണ ദേവഗൗഡയ്ക്ക് കീഴില്‍ പ്രതിരോധമന്ത്രിയെന്ന ഒത്തുതീര്‍പ്പാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ മുലായത്തിനെ എത്തിച്ചത്. പിന്നാലെ ഐ കെ ഗുജ്‌റാള്‍ സര്‍ക്കാരിലും പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ലക്‌നൗവില്‍ നടന്ന റാലിക്കിടെ മുലായം ലാലു പ്രസാദ് യാദവിനെ അന്നത്തെ സാഹചര്യം ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തിയത് വലിയ വാര്‍ത്തായിരുന്നു.
1967-ൽ ജനതാപാര്‍ട്ടിയുടെ എംഎല്‍എയായാണ് മുലായം ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1975ൽ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായ മുലായം ഒന്നരവര്‍ഷത്തോളം ജയിലില്‍ കിടന്നു. 1977ൽ ആദ്യമായി മന്ത്രിയായി.1980-ൽ ലോക്ദൾ പാർട്ടിയുടെ അധ്യക്ഷനായി. ലോക്ദൾ പിളർന്നതോടെ ക്രാന്തികാരി മോർച്ച പാർട്ടി രൂപീകകരിച്ചു. 1989ൽ ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ മുലായം മൂന്നുതവണ ആ പദത്തിലിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായിരുന്നതിന് ശേഷം 1992ലാണ് മുലായം സിങ് യാദവ് സമാജ്‌വാദി പാര്‍ട്ടി രൂപീകരിക്കുന്നത്. ഏഴ് തവണ ജസ്വന്ത് നഗറിൽ നിന്നുള്ള എംഎൽഎയായിരുന്നു മുലായം. മെയിൻപുരി, സംഭാൽ, കനൗജ്, അസംഗഡ് എന്നിവിടങ്ങളിൽ നിന്നായി പാര്‍ലമെന്റിലുമെത്തി.
1993ല്‍ ബിഎസ്പിയുടെ ഉള്‍പ്പെടെ പിന്തുണയോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. 2003ല്‍ അധികാരത്തിലേറിയും മായാവതിയുടെ പിന്തുണയോടെയാണ്. മായാവതിയുമായുള്ള സഖ്യം അവസാനിച്ചിതിന് ശേഷം അവർ ഗസ്റ്റ് ഹൗസില്‍ വെച്ച് ആക്രമിക്കപ്പെട്ടത് മുലായം സിങിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു.
2014ല്‍ പ്രധാനമന്ത്രി പദം ആഗ്രഹിച്ചിരുന്ന മുലായം 'ദേശ് ബച്ചാവോ, ദേശ് ബനാവോ' റാലിയില്‍ മായാവതിയാണ് രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും വലിയ തെറ്റെന്നും പറഞ്ഞിരുന്നു. അധികാരത്തിലിരിക്കാന്‍ ശത്രുസ്ഥാനത്തായിരുന്ന കോണ്‍ഗ്രസിനോട് അടുപ്പം കാണിക്കാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല.
2012ല്‍ യുപിയില്‍ സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ അസുഖബാധിതനായ മുലായം സിങ് യാദവ് ബാറ്റണ്‍ മകന്‍ അഖിലേഷ് യാദവിന് കൈമാറി. എന്നാല്‍ കുടുംബത്തിനുള്ളിലുണ്ടായ പാര്‍ട്ടി അധികാരത്തര്‍ക്കം അദ്ദേഹത്തെ ഉലച്ചു. സഹോദരന്‍ ശിവപാല്‍ യാദവും മകന്‍ അഖിലേഷ് യാദവും തമ്മിലുള്ള അധികാരത്തര്‍ക്കം രൂക്ഷമായതോടെ മുലായം അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പോലും പുറത്താക്കി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഇത്. എന്നാല്‍ പിന്നീട് സമാജ്‌വാദി പാര്‍ട്ടിയിലെ ശക്തികേന്ദ്രമായി അഖിലേഷ് ഉയര്‍ന്നുവന്നതോടെ അച്ഛനും മകനും വീണ്ടും ഒന്നിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെയിന്‍പുരിയില്‍ നിന്ന് അദ്ദേഹം മത്സരിച്ച് വിജയിച്ചു.