'ഹിന്ദുത്വത്തെ അപമാനിക്കുന്നു'; പഠാൻ  സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

'ഹിന്ദുത്വത്തെ അപമാനിക്കുന്നു'; പഠാൻ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

മുംബൈ സ്വദേശി സഞ്ജയ് തിവാരി എന്നയാളുടെ പരാതിയിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്
Updated on
1 min read

പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ പഠാൻ സിനിമയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ബേഷരം രംഗ് എന്ന ഗാനരംഗത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദുമതത്തിന് എതിരാണെന്ന മുംബൈ സ്വദേശി സഞ്ജയ് തിവാരിയുടെ പരാതിയിലാണ് കേസ്.

ഷാരൂഖ് ഖാൻ ചിത്രം പഠാനിലെ ഗാനരംഗത്തില്‍ ദീപിക പദുക്കോൺ ധരിച്ച കാവി വസ്ത്രമാണ് പരാതിക്കാധാരം. ഹിന്ദുക്കളെ അപമാനിക്കുന്നതും ഇന്ത്യൻ സംസ്കാരത്തിന് യോജിക്കാത്തതുമാണെന്ന് കാട്ടി നിരവധി പേർ പരാതി നൽകിയിരുന്നു. മുംബൈ പൊലീസിന് തന്നെ ഒന്നിലധികം പരാതികൾ ലഭിച്ചിട്ടുണ്ട്.വിവാദങ്ങൾക്ക് പിന്നാലെ ഗാനരംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി പ്രമുഖരും രംഗത്തെത്തി. സിനിമയുടെ പ്രദർശനം വിലക്കണം എന്നാവശ്യപ്പെട്ട് ബിഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. അഭിഭാഷകനായ സുധീർ ഓജ ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിൽ ഫയൽ ചെയ്ത ഹർജി ജനുവരി മൂന്നിനാണ് പരിഗണിക്കുക.

പഠാന്‍മാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാരോപിച്ച് ഉലമ ബോര്‍ഡ് രംഗത്തെത്തി

വിമർശനങ്ങളുന്നയിച്ചവരില്‍ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുൾപ്പെടെയുള്ളവരുണ്ട്. മധ്യപ്രദേശിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു. ഒപ്പം വീർ ശിവാജി സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു. മുസ്ലിങ്ങൾക്കിടയിലെ പ്രബല വിഭാഗമായ പഠാൻ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് മധ്യപ്രദേശ് ഉലമ ബോർഡും പ്രതിഷേധം അറിയിച്ചിരുന്നു. സിനിമയില്‍ പഠാന്‍മാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും മധ്യപ്രദേശ് ഉലമ ബോര്‍ഡ് പ്രസിഡന്റ് സയ്യദ് അലി ആരോപിച്ചു.

സാമൂഹ്യമാധ്യമങ്ങളെ നയിക്കുന്നത് സങ്കുചിത കാഴ്ചപ്പാടുകൾ ആണെന്നായിരുന്നു വിവാദത്തോടുള്ള ഷാരൂഖ് ഖാന്റെ പ്രതികരണം

സാമൂഹ്യമാധ്യമങ്ങളെ നയിക്കുന്നത് സങ്കുചിത കാഴ്ചപ്പാടുകൾ ആണെന്നായിരുന്നു വിവാദത്തോടുള്ള ഷാരൂഖ് ഖാന്റെ പ്രതികരണം. സിദ്ധാർഥ് ആനന്ദാണ് പഠാൻ സംവിധാനം ചെയ്യുന്നത്. ജോൺ ഏബ്രഹാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. സൽമാൻ ഖാനും ഹൃതിക് റോഷനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

logo
The Fourth
www.thefourthnews.in