മുനവര്‍ ഫാറൂഖി
മുനവര്‍ ഫാറൂഖി

വിഎച്ച്പിയുടെ എതിര്‍പ്പ്; മുനവര്‍ ഫാറൂഖിയുടെ ഷോയ്ക്ക് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്

സാമുദായിക സൗഹാര്‍ദ്ദം തകരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
Updated on
1 min read

പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഡല്‍ഹിയിലെ ഷോയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്. വിശ്വഹിന്ദു പരിഷത്തിന്റെ പരാതിയ്ക്ക് പിന്നാലെയാണ് ഓഗസ്റ്റ് 28ന് നടത്താന്‍ നിശ്ചയിച്ച ഷോയ്ക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചത്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

കേദാര്‍നാഥ് സാഹ്നി ഓഡിറ്റോറിയത്തിലെ ഡോ. എസ് പി എം സിവിക് സെന്ററില്‍ ഓഗസ്റ്റ് 28ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 9.30 വരെ നടക്കാനിരുന്ന ഷോയ്ക്കാണ് അനുമതി നല്‍കാതിരുന്നത്. ഡല്‍ഹി കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് വിഎച്ച്പി ഡൽഹി അധ്യക്ഷൻ സുരേന്ദ്ര കുമാര്‍ ഗുപ്ത പരാതി ഉന്നയിച്ച് ഓഗസ്റ്റ് 25ന് കത്തയച്ചിരുന്നു. വിഎച്ച്പി നേതാക്കള്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചത്.

വിഎച്ച്പി വക്താവ് വിനോദ് ബന്‍സാലും മുനവര്‍ ഫാറൂഖിക്കെതിരെ രംഗത്തെത്തിയിരുന്നു. ''ഞങ്ങള്‍ക്ക് നഗരത്തില്‍ സമാധാനം വേണം, ഹിന്ദു ദൈവങ്ങള്‍ പരിഹസിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പോലീസ് ഒന്നും ചെയ്തില്ലെങ്കില്‍ നഗരത്തിലുടനീളം പ്രതിഷേധം സംഘടിപ്പിക്കും.'' വിനോദ് ബന്‍സാല്‍ പറഞ്ഞു.

2021ല്‍ ഇന്‍ഡോറില്‍ നടന്ന പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെയും അമിത്ഷായെയും അപമാനിച്ചെന്ന ബിജെപിയുടെ പരാതിയില്‍ മുനവര്‍ ഫാറൂഖി അറസ്റ്റിലായിരുന്നു. ഇതിന് ശേഷം മുനവര്‍ ഫാറൂഖിയുടെ ഷോകള്‍ക്കെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധമുയര്‍ത്തുന്നത് പതിവാണ്. ഓഗസ്റ്റ് 20ന് ബംഗളൂരുവില്‍ നടത്താനിരുന്ന ഷോ അവസാന നിമിഷമാണ് റദ്ദാക്കിയത്. അന്ന് വേദിയിലേക്ക് അതിക്രമിച്ച് കയറാന്‍ ബിജെപി എംഎല്‍ എ ശ്രമിച്ചത് വിവാദമായിരുന്നു. ഓഗസ്റ്റ് 21ന് ഹിന്ദു സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടയിലും മുനവര്‍ ഫാറൂഖി ഹൈദരബാദില്‍ പരിപാടി അവതരിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in