'ജയില്‍ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നു, വീട്ടില്‍നിന്ന് കൊണ്ടുവരാന്‍ അനുവദിക്കണം'; ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദര്‍ശന്‍
ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാൽ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രേണുക സ്വാമി കൊലക്കേസ് പ്രതി നടൻ ദർശൻ കോടതിയിൽ. കർണാടക ഹൈക്കോടതി മുൻപാകെയാണ് ദർശൻ ഹർജി നല്കിയിരിക്കുന്നത്.
ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ദർശൻ. വീട്ടിലെ ഭക്ഷണത്തോടൊപ്പം കിടക്കയും വായിക്കാൻ പുസ്തകങ്ങളും , സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അനുമതിയും വേണമെന്ന ആവശ്യവും ഹർജിയിലുണ്ട്. കോടതി അനുമതിയില്ലാതെ ഇക്കാര്യങ്ങളൊന്നും വിചാരണത്തടവുകാർക്ക് അനുവദിക്കാനാവില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചതോടെയാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്.
"ജയിലിലെ ആഹാരം കഴിച്ച് വയറിളക്കം പിടിച്ചു. മറ്റു ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്നു. ശരീര ഭാരം കുറഞ്ഞുപോകുകയാണ്. ജയിലിലെ ഭക്ഷണത്തിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നു ജയിൽ ഡോക്ടർ കണ്ടെത്തിയിട്ടുണ്ട്. ജയിൽ ഭക്ഷണത്തിനു പകരം വീട്ടിൽ പാചകം ചെയ്ത ഭക്ഷണമെത്തിക്കാൻ അനുമതി നൽകണം," ദർശന്റെ ഹർജിയിൽ പറയുന്നു.
കർണാടക പ്രിസണേഴ്‌സ് ആക്റ്റ് പ്രകാരം വിചാരണത്തടവുകാർക്കു വീട്ടിൽ പാചകം ചെയ്ത ആഹാരം ലഭ്യമാക്കുന്നതിനു തടസങ്ങളില്ലെന്നു ദർശന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രതിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച ജയിൽ ഡോക്ടറുടെ റിപ്പോർട്ടും അഭിഭാഷകൻ കോടതിയിൽ ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ദർശന്റെ ഹർജിയിൽ കോടതിയിൽ വാദം തുടരുകയാണ്.
നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്കു അശ്ലീല സന്ദേശമയച്ച ആരാധകൻ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. കഴിഞ്ഞ മാസം എട്ടിനു ബെംഗളൂരു ആർ ആർ നഗറിൽ കാണപ്പെട്ട അജ്ഞാത മൃതദേഹത്തെ ചുറ്റിപ്പറ്റി നടന്ന അന്വേഷണമാണ് ദർശൻ, പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേരുടെ അറസ്റ്റിലേക്കു നയിച്ചത്. കൊലപാതകത്തിൽ ദർശനും പവിത്ര ഗൗഡയ്ക്കും നേരിട്ടു പങ്കുള്ളതായി കണ്ടെത്തിയിരുന്നു.