ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ ഗാനം; രാഹുല്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫ് രണ്ടാം ഭാഗത്തിന്‍റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംആര്‍ടി മ്യൂസിക്കാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിക്കും, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിനും, പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാഥിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പകര്‍പ്പവകാശ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പവകാശം ലഭിക്കാന്‍ തങ്ങള്‍ കോടികളാണ് ചെലവഴിച്ചതെന്ന് കമ്പനി പരാതില്‍ പറഞ്ഞു. അതിനാല്‍ തന്നെ അനുമതിയില്ലാതെ ഗാനം ഉപയോഗിച്ച കോണ്‍ഗ്രസ് നേതാക്കള്‍ സിവില്‍, ക്രിമിനല്‍ നിയമ ലംഘനത്തിന് ബാധ്യസ്ഥരാണെന്നും കമ്പനി വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ചിത്രത്തിലെ ഗാനങ്ങള്‍ സമന്വയിപ്പിച്ച് ഒരൊറ്റ ഗാനമായാണ് ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്രയുടെ ലോഗോ ഉപയോഗിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ അത് പ്രചരിപ്പിച്ചിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.
അതേസമയം, നിയമപരമായ അവകാശം ഉറപ്പിക്കാന്‍ മാത്രമാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.