ഡൽഹിയിൽ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്നു

ഡൽഹിയിൽ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്നു

കൊലപാതകത്തിന് പിന്നിൽ വർഗീയ ഘടകങ്ങൾ ഒന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി
Updated on
1 min read

വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം തൂണിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. ഇസ്‌റാർ അഹ്‌മദ്‌ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നന്ദ് നഗരി പ്രദേശത്ത് കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ കൊലപാതകത്തിനുപിന്നിൽ വർഗീയമായ ഘടകങ്ങളില്ലെന്ന് പോലീസ് അറിയിച്ചു.

ആളുകൾ വടികളുപയോഗിച്ച് ഇസ്റാറിനെ മാറിമാറി ക്രൂരമായി മർദിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കാണാം. വേദനകൊണ്ട് പുളഞ്ഞ യുവാവ് കേണപേക്ഷിച്ചിട്ടും മർദനം തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മർദനമേറ്റ് അവശനായ മകനെ അയൽക്കാരനാണ് വീട്ടിലെത്തിച്ചതെന്ന് ഇസ്റാറിന്റെ പിതാവ് അബ്ദുൽ വാജിദ് പറഞ്ഞു. താൻ വീട്ടിലെത്തിയപ്പോൾ മകന്റെ ശരീരത്തിൽ മുഴുവൻ ആളുകൾ മർദിച്ചതിന്റെ പാടുകളായിരുന്നു. മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയുന്നതിന് മുൻപുതന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ മുസ്ലിം യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം തല്ലിക്കൊന്നു
മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിക്ക് ക്രൂരപീഡനം; ചോരയൊലിപ്പിച്ച് സഹായത്തിന് കേണ കുട്ടിയെ ആട്ടിപ്പായിച്ച് നാട്ടുകാര്‍

''താൻ ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോൾ മകൻ പുറത്തുകിടന്ന് വേദനകൊണ്ട് പുളയുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് തന്നെ പിടികൂടി തൂണിൽ കെട്ടി വടികൊണ്ട് മർദിക്കുകയായിരിക്കുന്നുവെന്നാണ് ഇസ്‌റാർ പറഞ്ഞത്. മോഷണം ആരോപിച്ചായിരുന്നു മർദനം. അക്രമികൾ സമീപപ്രദേശത്തുകാരാണെന്നാണ് മകൻ തന്നോട് പറഞ്ഞത്,'' വാജിദ് പോലീസിനോട് പറഞ്ഞു.

സംഭവത്തിനുപിന്നിൽ വർഗീയവിദ്വേഷമില്ലെന്നും പല വിഭാഗത്തിൽ നിന്നുള്ളവർ അക്രമികളുടെ കൂട്ടത്തിലുണ്ടെന്നും പോലീസ് പറഞ്ഞു. കേസെടുത്തതായും പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞതായും മറ്റുള്ളവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in