ബിഹാറില്‍ വീണ്ടും ബീഫിന്റെ പേരില്‍ ആൾക്കൂട്ടക്കൊല; മുസ്ലീം മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി

ബിഹാറില്‍ വീണ്ടും ബീഫിന്റെ പേരില്‍ ആൾക്കൂട്ടക്കൊല; മുസ്ലീം മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി

ഹസന്‍പൂര്‍ സ്വദേശിയായ നസീം ഖുറേഷി, അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേഷി എന്നിവരാണ് ആക്രമണത്തിന് ഇരയായത്
Updated on
1 min read

ബിഹാറിൽ ബീഫ് കൈവശം വച്ചെന്ന് എന്നാരോപിച്ച് ആൾക്കൂട്ടക്കൊല. സിവാൻ ജില്ലയിലെ ഹസൻപൂർ സ്വദേശിയായ നസീബ് ഖുറേഷി(47)യെയാണ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രാദേശിക സർപഞ്ച് സുശീൽ സിങ് അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

നസീം ഖുറേഷിയും അനന്തരവൻ ഫിറോസ് അഹമ്മദ് ഖുറേഷിയും ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ പട്‌നയിൽ നിന്ന് 110 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള ജോഗിയ ഗ്രാമത്തിൽ വച്ച് ജനക്കൂട്ടം അവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് സരൺ പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല പറഞ്ഞു. ബീഫ് കൈവശം വച്ചെന്നും അത് കടത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു മര്‍ദനം.

ഫിറോസ് ഖുറേഷി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം നസീം ഖുറേഷിയെ മരത്തടികൾ ഉപയോഗിച്ച് മർദിച്ചു. മർദിച്ച ശേഷം ജനക്കൂട്ടം തന്നെ നസീമിനെ റസൂൽപുർ ഗ്രാമത്തിൽ വച്ച് പോലീസിന് കൈമാറിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നസീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അതേസമയം ഇവർ ബീഫ് കൈവശം വച്ചിരുന്നോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകൾ ചെയ്ത പ്രവൃത്തികൾ, 379 (മോഷണം) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.

''ആൾക്കൂട്ട കൊലപാതകം എന്ന നിലയിലാണ് ഞങ്ങൾ ഇതിനെ കൈകാര്യം ചെയ്യുന്നത്. സർപഞ്ചുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. സംഭവസമയത്ത് നസീം ബീഫ് കൈവശം വെച്ചിരുന്നോ ഇല്ലയോ എന്ന് അന്വേഷിക്കുന്നുണ്ട്''-സരൺ പോലീസ് സൂപ്രണ്ട് ഗൗരവ് മംഗ്ല പറഞ്ഞു. അതേസമയം, പ്രതികളെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് കൊല്ലപ്പെട്ട നസീം ഖുറേഷിയുടെ കുടുംബം ആരോപിച്ചു. നസീമിന്റെ മൃതദേഹം ഛപ്ര സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

logo
The Fourth
www.thefourthnews.in