കുത്തേറ്റ് വൃക്കയറ്റു, ചെവി കടിച്ചെടുത്തു; ഗുജറാത്തിൽ ക്രിക്കറ്റ് കാണാൻപോയ മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണാൻ പോയ ഇരുപത്തിമൂന്നുകാരനായ മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് എട്ടു ദിവസം കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് മാച്ച് കാണാൻ പോയ സൽമാൻ വൊഹ്ര എന്ന ചെറുപ്പക്കാരൻ ഗുജറാത്തിൽ കൊല്ലപ്പെടുന്നത് ഈ മാസം 22നാണ്. ചർച്ചചെയ്യപ്പെടാതെപോയ രാജ്യത്തെ തന്നെ നടുക്കുന്ന ആ കൊലപാതകം എങ്ങനെയാണ് സംഭവിച്ചത്?
ഗുജറാത്തിലെ പോൾസൺ കോംബൗണ്ടിൽ ജീവിക്കുന്ന വ്യക്തിയാണ് സൽമാൻ. തുണിക്കച്ചവടമായിരുന്നു അദ്ദേഹത്തിന്റെ ജോലി. ക്രിക്കറ്റ് മാച്ചിന്റെ ഫൈനൽ കാണാനായിരുന്നു സൽമാൻ പോയത്. ആരും ഇങ്ങനൊന്നും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല എന്നും, രണ്ടു മാസം മുമ്പ് മാത്രം വിവാഹിതനായ സൽമാന്റെ ഭാര്യ മഷിറ ഒരുമാസം ഗർഭിണിയാണെന്നും സൽമാന്റെ സഹോദരൻ നൊമാൻ അൻവർ വൊഹ്ര ദി ക്വിന്റിനോട് പറയുന്നു.
ഫൈനൽ തുടങ്ങുന്നതിനു മുമ്പ്തന്നെ പ്രശ്നങ്ങൾ ആരംഭിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മുസ്ലിങ്ങൾ കൂടുതലുള്ള ടീമുകളാണ് നന്നായി കളിച്ചത്. ഫൈനലിൽ വിജയിക്കുന്നത് മുസ്ലിങ്ങൾ കൂടുതലുള്ള ടീമാണെങ്കിൽ സംഘർഷമുണ്ടാകുമെന്ന അവസ്ഥ അവിടെ രൂപപ്പെട്ടിരുന്നു. ഫൈനലിൽ കളിക്കുന്ന രണ്ടു ടീമുകളിൽ ഒന്നിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. രണ്ടാമത്തേതിലും 2,3 മുസ്ലിങ്ങൾ കളിക്കുന്നുണ്ടായിരുന്നു. ഒരു വർഗീയസംഘർഷം നടക്കാനുള്ള സാധ്യതയുണ്ടെന്ന് സംഘാടകർ ടീമുകൾക്ക് മുന്നറിയിപ്പ് നൽകുകയും, തങ്ങൾ ഇവിടെ ഒട്ടും സുരക്ഷിതരല്ലെന്ന് മുസ്ലിം ടീമംഗങ്ങൾ പറഞ്ഞതായും ദൃക്‌സാക്ഷികൾ പറയുന്നു.
മുസ്ലിങ്ങൾ കൂടുതലായുള്ള ടീം കളിക്കുമ്പോൾ ആൾക്കൂട്ടത്തിൽ നിന്നും 'ജയ്‌ശ്രീരാം' വിളികൾ ഉയർന്നു. മുസ്ലിങ്ങൾ ഭാഗമായിട്ടുള്ള ടീം ജയിക്കരുതെന്ന് ആൾക്കൂട്ടത്തിൽ വലിയ വിഭാഗവും ആഗ്രഹിച്ചിരുന്നു എന്ന് അതിൽ നിന്ന് മനസിലാക്കാം. 5000ത്തോളം ആളുകളുള്ള ജനക്കൂട്ടത്തിൽ കേവലം 500നടുത്ത് മാത്രമേ മുസ്ലിങ്ങളുണ്ടായിരുന്നുള്ളു.
ബൈക്ക് നിർത്തിയതിൽ തുടങ്ങിയ തർക്കം
ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. മദ്യപിച്ച ഒരാൾ ആൾക്കൂട്ടത്തിൽ നിന്ന് തന്റെ ബൈക്കുമായി വന്ന് സൽമാന്റെ അടുത്ത് നിർത്തുകയും സൽമാനുമായി തർക്കത്തിലാവുകയും ചെയ്യുന്നു. സൽമാൻ സ്വന്തം ബൈക്ക് അവിടെനിന്ന് മാറ്റണമെന്നായിരുന്നു അയാളുടെ ആവശ്യം. എന്നാൽ സൽമാൻ അതിനു കൂട്ടാക്കിയില്ല. അവർതമ്മിൽ വാക്കു തർക്കമാകുന്നു. "ഞങ്ങൾ എന്താണോ പറയുന്നത് അത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്" എന്നാണ് അപ്പോൾ അവിടെ കൂടിനിന്ന 4,5 പേർ സൽമാനോട് പറഞ്ഞത്.
ആളുകളുടെ എണ്ണം പതുക്കെ കൂടിക്കൂടി വന്നു. ശേഷം ആൾക്കൂട്ടത്തിൽ മദ്യപിച്ചിരുന്ന ഒരാൾ സൽമാനെ സുഹൈൽ എന്ന മറ്റൊരു വ്യക്തിയായി തെറ്റിദ്ധരിച്ച് മർദിക്കാൻ തുടങ്ങി. സുഹൈലിനെ രക്ഷിക്കാൻ വേണ്ടി സൽമാൻ ആ ആൾക്കൂട്ടത്തിനിടയിൽ തന്നെ നിന്നു.
ചെവിപോലും കടിച്ചു പറിച്ചു
ആൾക്കൂട്ടത്തിൽ ഒരു സംഘം കൂട്ടമായി സൽമാനെ മർദിക്കുമ്പോൾ "അവനെ തല്ലൂ" എന്ന് ആളുകൾ ആക്രോശിക്കുന്നുണ്ടായിരുന്നു. അത് വെളിവാക്കുന്ന വിഡിയോയും പുറത്തുവന്നു. സൽമാന്റെ ചലനംമറ്റപ്പോൾ മാത്രമാണ് ആൾക്കൂട്ടം തല്ലുന്നത് നിർത്തിയത്. കണ്ടു നിന്നവർ പറയുന്നു. ശേഷം ചിലർ ചേർന്ന് സൽമാനെ എഴുന്നേൽപ്പിച്ച് കുടിക്കാൻ വെള്ളം നൽകി, ഒരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെനിന്നും സൽമാനെ എത്രയും പെട്ടന്ന് കൂടുതൽ സൗകര്യമുള്ള സ്വകാര്യാശുപത്രിയിൽ എത്തിക്കാൻ ഡോക്ടർമാർ നിർദേശം നൽകി. രണ്ടാമത്തെ ആശുപത്രിയിലെത്തി സൽമാന്റെ മുറിവുകളെ കുറിച്ച് ഡോക്ടറെ അറിയിക്കുമ്പോഴേക്കും സൽമാൻ മരിച്ചിരുന്നു.
ഒരുപാട് മുറിവുകളുണ്ടായിരുന്നു സൽമാന്റെ ശരീരത്തിൽ. കണ്ണിന്റെ താഴെയായി കത്തികൊണ്ട് വലിയ മുറിവുണ്ടായിരുന്നു. ചെവി കടിച്ച് പറിച്ചതായും കാണാമായിരുന്നു. കത്തി വച്ച് കുത്തിയത് കിഡ്‌നിയിൽ പോലും ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. കിഡ്‌നിയിൽ കത്തി കയറിയതായിരുന്നു സൽമാന്റെ മരണത്തിനുള്ള പ്രധാനകാരണവും.
സൽമാനെ കൂടാതെ മറ്റുരണ്ട് മുസ്ലിം യുവാക്കളും ക്രൂരമായി അക്രമിക്കപ്പെട്ടിരുന്നു. അതിൽ ഒരാൾക്ക് ശരീരത്തിൽ 17 തുന്നുകളും മറ്റൊരാൾക്ക് 7 തുന്നുകളുമുണ്ട്. മരിച്ചതിന്റെ അടുത്ത ദിവസമാണ് സംഭവത്തിൽ ആനന്ദ് റൂറൽ പോലീസ് കേസ് എടുക്കുന്നത്. സംഭവത്തിൽ ഏകദേശം ഒമ്പതുപേരെ ഇതിനോടകം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് നേതൃത്വം നൽകിയ വിശാലിനെയും ശക്തിയെയും പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മേഹുൽ ദിനേശ് പരമർ, കിരൺ മഫത് പരമർ, മഹേന്ദ്ര രമേശ് വഗേല, കേതൻ മഹേന്ദ്ര പട്ടേൽ, അക്ഷയ് നരസിംഹ പരമർ, രതിലാല റായ്സിങ് പരമർ, വിജയ് മംഗൾ പരമർ, മുകേഷ് രാജേഷ് പരമർ, രാകേഷ് ബാബു പരമർ, വിജയ് ഝാഗൻ പർമാരന്ത് കേതൻ ഭാരത് പരമർ എന്നിവരാണ് ഇപ്പോൾ റിമാന്റിലുള്ളത്.
നിയമവിരുദ്ധമായ സംഘംചേരൽ, കലാപം, മാരകായുധങ്ങൾ ഉപയോഗിക്കൽ, കൊലപാതകം എന്നീ വകുപ്പുകൾ ചേർത്തതാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് കൊലപാതകികൾ കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംഭവസ്ഥലത്തേക്കെത്തിയത്. എന്നാൽ ക്രിമിനൽ ഗൂഢാലോചന പോലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ കുടുംബാങ്ങങ്ങളും കോൺഗ്രസ് പ്രാദേശികനേതാക്കളുമുൾപ്പെടെയുള്ളവർ രംഗത്തെത്തി.