യുപിയിൽ മുസ്ലീം യുവാവിന് ക്രൂരമർദനം, നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; പിന്നാലെ അറസ്റ്റും ജയിലിലടയ്ക്കലും

യുപിയിൽ മുസ്ലീം യുവാവിന് ക്രൂരമർദനം, നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു; പിന്നാലെ അറസ്റ്റും ജയിലിലടയ്ക്കലും

മർദനത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ രണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്തു, നടപടി വൈകിയതിന് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Updated on
1 min read

മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ മുസ്ലീം യുവാവിന് ക്രൂര മർദനം. മരത്തിൽ കെട്ടിയിട്ട് ജയ് ശ്രീറാം വിളിപ്പിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതിന് കകോദ് പോലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹര്‍ ജില്ലയില്‍ ജൂണ്‍ 13 നാണ് മോഷണക്കുറ്റമാരോപിച്ച് യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. 28 കാരനായ സഹില്‍ ഖാനെ മൂന്ന് പേരടങ്ങിയ സംഘം മര്‍ദിക്കുകയും മരത്തില്‍ കെട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. തലമുടി ഷേവ് ചെയ്ത ശേഷം യുവാവിനെ കൊണ്ട് ജയ് ശ്രീരാം എന്നും വിളിപ്പിച്ചു. അക്രമികള്‍ തന്നെ വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. സഹില്‍ ഖാന്റെ കയ്യില്‍ നിന്ന് കത്തി കണ്ടെത്തിയെന്നാരോപിച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 15 ന് സഹില്‍ ഖാനെ ജയിലിലടച്ചു. മര്‍ദനത്തിന്‌റെ വീഡിയോ കണ്ട് സഹില്‍ ഖാന്റെ സഹോദരി പോലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് യുവാവിന്‌റെ കുടുംബം ബുലന്ദ്‌ഷെയര്‍ എസ് എസ് പിക്ക് പരാതി നല്‍കുകയായിരുന്നു.

എസ്എസ്പി ശ്ലോക് കുമാര്‍ ഇടപെട്ടാണ്, മൂന്ന് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സൗരഭ് താക്കൂര്‍, ഗജേന്ദ്ര, ധാനി പണ്ഡിറ്റ് എന്നിവരാണ് കുറ്റക്കാരെന്ന് പോലീസ് കണ്ടെത്തി . ശനിയാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് സൗരഭ് താക്കൂറിനെയും ഗജേന്ദ്രയേയും കണ്ടെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. മൂന്നാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അക്രമികൾ തന്നെ പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് സഹിൽ ഖാന് തുണയായത്.

ദിവസവേതനക്കാരനായ സഹോദരൻ ജോലിക്ക് പോയി തിരിച്ചെത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചതെന്നും വീഡിയോ കണ്ടാണ് സംഭവം അറിഞ്ഞതെന്നും സഹോദരി വ്യക്തമാക്കി.

കകോദ് പോലീസ് സ്‌റ്റേഷന്‌റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അമര്‍സിങ്ങിനെ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ഇരയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് നടപടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ് പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in