ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ 'ഭൂരിപക്ഷ സദാചാരം' അധികാരം സ്ഥാപിക്കരുത്: മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ 'ഭൂരിപക്ഷ സദാചാരം' അധികാരം സ്ഥാപിക്കരുത്: മുസ്ലിം വ്യക്തിനിയമ ബോർഡ്

ഏകീകൃത സിവിൽ കോഡിൽ നിയമ കമ്മീഷനെ നിലപാട് അറിയിച്ച് ബോർഡ്
Updated on
1 min read

ന്യൂനപക്ഷ സമുദായങ്ങളുടെ മതസ്വാതന്ത്ര്യവും അവകാശങ്ങളും 'ഭൂരിപക്ഷ സദാചാരം' ചവിട്ടിമെതിയ്ക്കരുതെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ എതിർത്ത് നിയമ കമ്മീഷന് ബുധനാഴ്ച അയച്ച കത്തിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.

“ഒരു കടങ്കഥയായി തുടരുന്ന കോഡിന്റെ പേരിൽ ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമം, മതസ്വാതന്ത്ര്യം, അവകാശങ്ങൾ എന്നിവയെ ഭൂരിപക്ഷ സദാചാരത്താൽ റദ്ദ് ചെയ്യാൻ അനുവദിക്കരുത്" മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ 100 പേജുള്ള കത്തിൽ പറയുന്നു. ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ഈ മാസം 14 വരെ നിയമ കമ്മീഷൻ സമയം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് നിലപാടറിയിച്ചത്.

ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ 'ഭൂരിപക്ഷ സദാചാരം' അധികാരം സ്ഥാപിക്കരുത്: മുസ്ലിം വ്യക്തിനിയമ ബോർഡ്
ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും

ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന് പ്രധാനനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലിം വ്യക്തി നിയമബോർഡ് അടിയന്തര യോഗം ചേരുകയും ശക്തമായ നിലപാട് അറിയിക്കാൻ തീരുമാനിക്കുകയുും ചെയ്തിരുന്നു. യുസിസിയെ അനുകൂലിച്ച് ചില ആളുകളും രാഷ്ട്രീയ പാർട്ടികളും നൽകുന്ന ന്യായീകരണങ്ങളുടെ പൊള്ളത്തരങ്ങൾ സംബന്ധിച്ചും കത്തിൽ മറുപടിയുണ്ടെന്ന് ബോർഡ് വക്താവ് എസ്ക്യൂ ആർ ഇല്യാസ് പറഞ്ഞു.

രാജ്യത്തെ അടിസ്ഥാന രേഖയായ ഇന്ത്യൻ ഭരണഘടനയ്ക്ക് തന്നെ ഏകീകൃത സ്വഭാവമല്ല ഉള്ളതെന്നാണ് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ വാദം. ചിലവിഭാഗങ്ങൾക്ക് ഇത് പ്രത്യേക പദവി നൽകുന്നുണ്ട്. '' ഭരണഘടന അങ്ങനെ വിഭാവനം ചെയ്തിരിക്കുന്നത് രാജ്യത്ത് ഐക്യം നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. വ്യത്യസ്തമായുള്ള ക്രമീകരണങ്ങൾ , പരിഗണന,വിട്ടുവീഴ്ച എന്നിവ ഭരണഘടനയുടെ സ്വഭാവമാണ്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ, മതങ്ങൾ, സമുദായങ്ങൾ എന്നിവയ്ക്കൊക്കെ ഭരണഘടന പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്,''കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ അവകാശങ്ങൾക്ക് മേൽ 'ഭൂരിപക്ഷ സദാചാരം' അധികാരം സ്ഥാപിക്കരുത്: മുസ്ലിം വ്യക്തിനിയമ ബോർഡ്
വ്യക്തിനിയമങ്ങളിൽ കോടതികൾക്ക് ഇടപെടാൻ കഴിയുന്ന മാറ്റങ്ങളാണ് വേണ്ടത്, ഏകീകൃത സിവിൽ നിയമമല്ല

വിശുദ്ധ ഖുറാനില്‍ നിന്നും ഇസ്ലാമിക നിയമങ്ങളില്‍ നിന്നും കൈക്കൊണ്ടതാണ് രാജ്യത്തെ മുസ്ലിം വ്യക്തിനിയമമെന്നും അതിനാല്‍ അവ മുസ്ലീം സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് വ്യക്തി നിയമ ബോര്‍ഡിന്‌റെ വാദം. ''ഭരണഘടന അനുവദിച്ചിട്ടുള്ള സ്വത്വം നഷ്ടപ്പെടുന്നത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. ന്യൂനപക്ഷങ്ങളെയും ഗോത്രവര്‍ഗക്കാരെയും അവരുടെ സ്വന്തം നിയമങ്ങളാല്‍ ഭരിക്കാന്‍ അനുവദിക്കുക വഴി രാജ്യത്തിന്റെ വൈവിധ്യം നിലനിര്‍ത്തി മാത്രമേ ദേശീയ അഖണ്ഡതയും സുരക്ഷിതത്വവും സാഹോദര്യവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുകയുള്ളു,'' മുസ്ലിം വ്യക്തിനിയമ ബോർഡ് കത്തിൽ വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പാർലമെന്ററി സമിതി യോഗത്തിൽ പ്രതിപക്ഷം എതിർപ്പറിയിച്ചിരുന്നു. കോൺഗ്രസ്, ബിആർഎസ് , ഡിഎംകെ പാർട്ടികളാണ് യോഗത്തിൽ എതിർപ്പുന്നയിച്ചത്. ബില്ല് കൊണ്ടുവരുന്നതിന് സർക്കാരിന് ഇത്ര തിടുക്കമെന്തിനാണെന്നും പ്രതിപക്ഷ കക്ഷികൾ ചോദിച്ചിരുന്നു. എൻഡിഎ സഖ്യകക്ഷികളടക്കം ഏകീകൃത സിവിൽ കോഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in