ഉള്‍ഗ്രാമങ്ങളേക്കാള്‍ കഷ്ടം! നഗരങ്ങളില്‍ മുസ്ലീം-പിന്നാക്ക വിഭാഗം നേരിടുന്നത് കൊടിയ വിവേചനം

ഉള്‍ഗ്രാമങ്ങളേക്കാള്‍ കഷ്ടം! നഗരങ്ങളില്‍ മുസ്ലീം-പിന്നാക്ക വിഭാഗം നേരിടുന്നത് കൊടിയ വിവേചനം

രാജ്യത്ത് ജാതിയുടേയും മതത്തിന്റേയും വേര്‍തിരിവ്‌ അമേരിക്കയിലെ വംശീയ വേര്‍തിരിവിന്‌ സമാനമായി വളരെ ഉയര്‍ന്നതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്
Updated on
1 min read

നഗരങ്ങളെ പൊതുവെ തുല്യതയുടെ ഇടങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ ഗ്രാമങ്ങളിലേതുപോലെ രാജ്യത്തെ നഗരങ്ങളിലും മുസ്ലിം, പിന്നാക്ക വിഭാഗങ്ങൾ വലിയ വിവേചനം നേരിടുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉള്‍ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങള്‍ക്കു സമാനമായി നഗരങ്ങളില്‍ പിന്നാക്ക-മുസ്ലീം വിഭാഗങ്ങളെ പാര്‍ശ്വവത്കരിച്ചു മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ജാതിയുടേയും മതത്തിന്റേയും വേര്‍തിരിവ്‌ അമേരിക്കയിലെ വംശീയ വേര്‍തിരിവിന്‌ സമാനമായി വളരെ ഉയര്‍ന്നതാണെന്നാണ് അമേരിക്കയിലെ ഡാര്‍ത്ത്മൗത്ത് കോളജിലെ ഡെവലപ്പമെന്റ് ഡേറ്റാലാബ് നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.

ഗ്രാമങ്ങളിലും നഗരങ്ങളിലുമായി കഴിയുന്ന പട്ടിക ജാതി, മുസ്ലിം വിഭാഗം ജനങ്ങളുടെ ജീവിതരീതിയും താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ നഗരങ്ങളില്‍ താമസിക്കുന്ന ഇരു വിഭാഗത്തിനും വലിയ വിവേചനങ്ങള്‍ നേരിടുന്നുവെന്നാണ് കണ്ടെത്തിയത്. പൊതുസംവിധാനങ്ങളായ കുടിവെള്ളം, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പോലും ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാതിരിക്കാന്‍ ബോധപൂര്‍വ ശ്രമമുണ്ടാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരങ്ങളില്‍ ഇവര്‍ക്കു മാത്രമായി പ്രത്യേക ഇടങ്ങള്‍ ഒരുക്കിയിരിക്കുകയാണെന്നും മറ്റുവിഭാഗങ്ങളിലുള്ളവര്‍ ഇവരെ അയല്‍ക്കാരായി കൂട്ടാന്‍ ശ്രമിക്കുന്നില്ലെന്നും നഗരത്തിനുള്ളില്‍ 'പ്രത്യേക ഗ്രാമങ്ങള്‍' ഒരുക്കിയിരിക്കുയാണെന്നും പഠനത്തില്‍ തെളിഞ്ഞു. ഇത്തരത്തില്‍ വേര്‍ത്തിരിക്കപ്പെട്ട് കഴിയുന്നവര്‍ അങ്ങനെ അല്ലാതെ കഴിയുന്നവരേക്കാള്‍ അതിദരിദ്രരാണെന്നാണ് പഠനം പറയുന്നത്.

നഗരങ്ങളില്‍ പട്ടിക ജാതി വിഭാഗത്തിലുള്ള ജനങ്ങളെക്കാള്‍ ശോചീനയ അവസ്ഥയിലാണ് മുസ്ലീം വിഭാഗങ്ങള്‍ കഴിഞ്ഞുപോകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. നൂറ് ശതമാനം മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ എണ്ണം കുറവാണെന്നും മേഖലയിലെ കുട്ടികള്‍ മോശം പഠന നിലവാരം പുലര്‍ത്തുന്നുവെന്നും പഠനം പറയുന്നു. പൊതു മേഖലാ സ്ഥാപനങ്ങളുടെ അപര്യാപ്തത സ്വകാര്യ സ്ഥാപനങ്ങള്‍ നികത്തുന്നില്ലെന്നും സ്വകാര്യ സ്ഥാപനങ്ങളുടെ വലിയ തുക താങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയുന്നില്ലെന്നാണ് വസ്തുത.

2012 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. സാമൂഹിക വേര്‍ത്തിരിവ്, അടിസ്ഥാന സൗകര്യങ്ങള്‍ സമ്പത്ത് - വിദ്യാഭ്യാസം - പൊതു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് 2013 സെന്‍സസ്. രാജ്യത്തെ ഗ്രാമ നഗര പ്രദേശങ്ങളിലുള്ള 1.5 ദശലക്ഷം കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പഠനം നടത്തിയിരിക്കുന്നത്. ഏതാണ് മൂന്നൂറ് ദശലക്ഷം വ്യക്തികളുടേയും വിവരങ്ങള്‍ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in