ഭരണഘടനയുടെ ആമുഖം വായിച്ച് സർക്കാർ യോഗങ്ങൾ; മന്ത്രിസഭയുടെ അനുമതി ഉടനെന്ന് കർണാടക മന്ത്രി

ഭരണഘടനയുടെ ആമുഖം വായിച്ച് സർക്കാർ യോഗങ്ങൾ; മന്ത്രിസഭയുടെ അനുമതി ഉടനെന്ന് കർണാടക മന്ത്രി

മൈസൂരു ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ ഭരണഘടനയുടെ ആമുഖം വായിച്ച് മന്ത്രി എച്ച്‌ സി മഹാദേവപ്പ
Updated on
1 min read

കർണാടകയിൽ സർക്കാർ യോഗങ്ങൾക്ക് തുടക്കം കുറിക്കും മുൻപ് ഭരണഘടനയുടെ ആമുഖം വായിക്കാൻ ഉത്തരവിറങ്ങിയേക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് സി മഹാദേവപ്പയാണ് ഇങ്ങനെയൊരു നിർദേശം സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ സർക്കാർ ഉദ്യോഗസ്ഥരുമായി മന്ത്രിമാര്‍ നടത്തുന്ന എല്ലാ യോഗങ്ങളുടെയും തുടക്കം ഭരണഘടനയുടെ ആമുഖം വായിച്ചാകും.

നിർദേശത്തിന് അംഗീകാരം ലഭിക്കും മുൻപ് തന്നെ മന്ത്രി മഹാദേവപ്പ, മൈസൂരുവിൽ ചേർന്ന ജില്ലാ ഭരണകൂടവുമായുള്ള യോഗം ഭരണഘടനയുടെ ആമുഖം വായിച്ചാണ് തുടങ്ങിയത് . മന്ത്രി വിളിച്ചുചേർത്ത യോഗത്തിനെത്തിയ ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും ഉൾപ്പടെ എഴുന്നേറ്റു നിന്ന് ആമുഖം ഏറ്റുചൊല്ലി. മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയാണ് മഹാദേവപ്പ.

'ഇതൊരു നല്ല ശീലമാകും. ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുന്ന കാര്യം ഉദ്യോഗസ്ഥരാൽ ഓർമിക്കപ്പെടാൻ ഈ രീതി ഉപകരിക്കും. സർക്കാരിന്റെ പ്രധാനപ്പെട്ട യോഗങ്ങളെല്ലാം ഭരണഘടനയുടെ ആമുഖം വായിച്ച് തുടങ്ങണമെന്ന നിർദേശം മന്ത്രിസഭ ഉടൻ പരിഗണിക്കും . വൈകാതെ ഇതൊരു ഉത്തരവായി ഇറങ്ങുമെന്നാണ് പ്രതീക്ഷ'' - പൊതുമരാമത്ത് മന്ത്രി പറഞ്ഞു .

ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ച് എല്ലാ വിഭാഗം ജനങ്ങളേയും ഒരുപോലെ ചേർത്തുനിർത്തി ഭരണം കാഴ്ചവയ്ക്കുമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പലതരത്തിൽ പൊതുജനങ്ങൾ വിവേചനം നേരിട്ടിരുന്നെന്നും സാമൂഹ്യനീതി ലംഘിക്കപ്പെട്ടിരുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം .

logo
The Fourth
www.thefourthnews.in