'16 വര്‍ഷമായി ബ്ലൂ ടിക്കിന് പണം നല്‍കിയിട്ടില്ല, ഇപ്പോള്‍ എന്തിന്'; മസ്കിന്റെ പരിഷ്കാരങ്ങളെ തള്ളി ഇന്ത്യയിലെ ആദ്യ യൂസര്‍
ശതകോടിശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ട്വിറ്റര്‍ ബ്ലൂ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി, വെരിഫിക്കേഷന്‍ ടിക്കിന് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനുള്ള തീരുമാനം. ഇത് ഏറെ ചര്‍ച്ചയായിരുന്നു. മസ്‌കിന്റെ പുതിയ പരിഷ്‌കാരത്തിനോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെ ട്വിറ്റര്‍ ഉപഭോക്താവായ നൈന രേധു.
കഴിഞ്ഞ 16 വര്‍ഷമായി ബ്ലൂടിക്കിന് പണം നല്‍കാത്ത താന്‍ ഇപ്പോള്‍ എന്തിനാണ് ഇപ്പോള്‍ പണം നല്‍കുന്നതെന്നും നൈന ചോദിക്കുന്നു. ട്വിറ്ററിന്റെ സജീവമായ നൈന രേധുവിന്റെതും ബ്ലൂ ടിക്കുള്ള പ്രൊഫൈലാണ്. ബ്ലൂ ടിക്ക് ലഭിക്കാന്‍ ഏകദേശം 7.99 ഡോളര്‍ നല്‍കണമെന്നാണ് മസ്‌കിന്റെ വാദം. ഇതിനായി ട്വിറ്റര്‍ ബ്ലൂ എന്ന സബ്സ്‌ക്രിപ്ഷന്‍ സേവനം കൂടി മസ്‌ക് അവതരിപ്പിച്ചിട്ടുണ്ട്. ട്വിറ്റര്‍ തയ്യാറാക്കിയ പണം നല്‍കേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും, ട്വിറ്റര്‍ എപ്പോള്‍ പണം ഈടാക്കി തുടങ്ങും എന്നതിനെ കുറിച്ചും വ്യക്തതയില്ലെന്നാണ് നൈന പറയുന്നത്.
''അടിസ്ഥാന പരമായി ട്വിറ്റര്‍ ഒരു സ്വകാര്യ കമ്പനിയാണ്. അവര്‍ നിലവിലെ രീതി തന്നെ പിന്തുടരുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. അക്കാര്യം അറിഞ്ഞാല്‍ മാത്രമേ മുന്നോട്ട് എന്ത് നിലപാട് സ്വീകരിക്കണം എന്ന് തീരുമാനിക്കാനാകൂ. ഉപഭോക്താക്കള്‍ക്ക് ബ്ലൂ ടിക്ക് നല്‍കുന്നത് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരുടെ യഥാര്‍ത്ഥ അക്കൗണ്ട് തിരിച്ചറിയുന്നതിനായാണ്. അതുകൊണ്ട് തന്നെ പുതിയ പരിഷ്‌കാരം സാധാരണക്കാരെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഒരു പക്ഷേ, ഈ തീരുമാനം മാധ്യമ പ്രവര്‍ത്തകരെ പോലെ സ്വതന്ത്യമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ബാധ്യതയാകാനും സാധ്യതയുണ്ട്''. - നൈന പറയുന്നു.
''വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ട്വിറ്ററില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസനീയമാണെന്ന ധാരണ ജനങ്ങള്‍ക്കിടയിലുണ്ട്. അതിനാല്‍ തന്നെ നിരവധിപേരാണ് വാര്‍ത്തകള്‍ക്കായി ട്വിറ്ററിനെ ആശ്രയിക്കുന്നത് '' - നൈന കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ജയ്‌സാല്‍മീറിലെ ഹോട്ടല്‍ ജീവനക്കാരിയായ നൈന രേധു 2006 ലാണ് ട്വിറ്ററില്‍ അംഗമാകുന്നത്. പിന്നീട് ട്വിറ്ററിന്റെ സജീവ ഉപയോക്താവായി മാറുകയായിരുന്നു. ഇതിനോടകം, 1,75,000 ട്വീറ്റുകള്‍ നൈന ചെയ്തിട്ടുണ്ട്. 16 വര്‍ഷം നീണ്ട തന്റെ ട്വിറ്റര്‍ യാത്രയില്‍ ഏകദേശം 22,000 ഫോളോവേഴ്സിനെ ലഭിച്ചു, അവരില്‍ സെലിബ്രിറ്റികളുണ്ടെന്നും നൈന പറയുന്നു.
യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, യുകെ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കായി കഴിഞ്ഞ ആഴ്ചയാണ് ട്വിറ്റര്‍ ബ്ലൂ വെരിഫിക്കേഷന്‍ ആരംഭിച്ചത്. എന്നാല്‍, ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയും, ബ്ലൂ ടിക്ക് ഫീസ് നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.