യുഎൻ യോഗാദിനം, ജോബൈഡനുമായി നിര്‍ണായക കൂടിക്കാഴ്ച; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് നാളെ തുടക്കം
പ്രതിരോധം, വാണിജ്യ - വ്യവസായ - സാങ്കേതിക നിക്ഷേപം തുടങ്ങി സുപ്രധാന കരാറുകൾക്ക് വഴിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാകും സന്ദര്‍ശനം. പ്രധാനമന്ത്രിയായ ശേഷം ഇത് ആറാമത്തെ തവണയാണ് മോദി യുഎസ് സന്ദർശിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും പ്രമുഖ വ്യക്തികളുമായി മോദി കൂടിക്കാഴ്ച നടത്തും.
വ്യാപാര -നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ടെലികോം, ബഹിരാകാശം, ഉത്പാദനം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിലുമായിരിക്കും ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ പ്രാധാന്യം നൽകുക. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യം, ഭീകരവാദ ഭീഷണികൾ, ചൈന ബന്ധം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്നാണ് പ്രതീക്ഷ.
2014 മുതൽ ആറ് തവണയാണ് മോദി അമേരിക്ക സന്ദർശിച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിൽ ഈ സന്ദർശനത്തിന് നിർണായക പങ്കാണുള്ളത്. പ്രതിരോധ മേഖലയിലെ നിർമാണപ്രവർത്തനങ്ങളായിരിക്കും ഇത്തവണത്തെ സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കുന്നു. ആയുധനിർമാണം, സാങ്കേതികവിദ്യ എന്നിവയിൽ സഹകരണമാണ് ലക്ഷ്യമിടുന്നത്. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ടവയായതിനാൽ ശ്രദ്ധയോടെയായിരിക്കും ഇന്ത്യയുടെ നീക്കം.
നാളെ യുഎസിലെത്തുന്ന മോദി ന്യൂയോർക്കിൽ നിന്നാണ് സന്ദർശനം ആരംഭിക്കുക. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണത്തിന് അദ്ദേഹം നേതൃത്വം നൽകും. തുടർന്ന് പ്രമുഖ വ്യക്തികളുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അന്നേദിവസം തന്നെ വാഷിങ്ടൺ ഡിസിയിലെത്തും. അവിടെ സ്വകാര്യചടങ്ങിൽ ബൈഡനൊപ്പം പങ്കെടുക്കും.
ജൂൺ 22ന് വൈറ്റ് ഹൗസിൽ വച്ച് ബൈഡനുമായി ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും. തുടർന്ന് മോദിക്ക് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈറ്റ് ഹൗസിൽ ഔദ്യോഗിക അത്താഴവിരുന്ന് നൽകും. പ്രമുഖ കമ്പനികളുടെ തിരഞ്ഞെടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുമായി ജൂൺ 23ന് പ്രധാനമന്ത്രി ചർച്ച നടത്തും. തുടർന്ന് ഉച്ചഭക്ഷണത്തിന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ആതിഥേയത്വം വഹിക്കും.
റീഗൻ സെന്ററിൽ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി നേതാക്കളെയും മോദി അഭിസംബോധന ചെയ്യും. യുവസംരംഭകർ, വ്യവസായികൾ എന്നിവരുമായി കെന്നഡി സെന്ററിൽ കൂടിക്കാഴ്ച നടത്തും. യുഎസിൽനിന്ന് യാത്ര തിരിക്കുന്ന മോദി ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദെൽ ഫത്തേ അൽസിസിയുമായി കൂടിക്കാഴ്ച നടത്തും. മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാകുമിത്.