നരേന്ദ്ര മോദി പണം നൽകുന്നത് അദാനിക്ക്; കോലാറിൽ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി
ലോക്സഭാ അയോഗ്യതയ്ക്ക് കാരണമായ 2019 ലെ പ്രസംഗ വേദിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി പണമെല്ലാം ഒഴുക്കുന്നത് അദാനിക്ക് വേണ്ടിയാണ്. എന്നാൽ കോൺഗ്രസ് ദരിദ്രർക്കും മഹിളകൾക്കും യുവാക്കൾക്കും വേണ്ടിയാണ് പണം ചെലവഴിക്കാൻ പോകുന്നതെന്ന് രാഹുൽ പറഞ്ഞു.
കർണാടക കോൺഗ്രസിന്റെ നാല് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധി മോദിയെ വിമർശിച്ചത് . കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ സത്യമേവ ജയതേ യാത്രയ്ക്ക് തുടക്കം കുറിക്കാനെത്തിയതായിരുന്നു രാഹുൽ. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറും. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിക്കപ്പെടുമെന്നും രാഹുൽ കന്നഡിഗർക്കുറപ്പ് നൽകി.
"അദാനിയുമായി മോദിയുടെ ബന്ധമെന്തെന്ന് ചോദിച്ചതിനാണ് ലോക്സഭയിൽ മൈക്ക് ഓഫ് ചെയ്തത്. വിമാനത്താവള നടത്തിപ്പിൽ ഒരു മുൻ പരിചയവുമില്ലാത്തയാൾക്കാണ് രാജ്യത്തെ വിമാത്താവളങ്ങൾ തീറെഴുതി കൊടുത്തിരിക്കുന്നത് . പ്രധാന മന്ത്രി ഏത് വിദേശ രാജ്യത്ത് പോയാലും അവിടുത്തെ പ്രധാന കരാറുകളെല്ലാം അദാനിക്ക് കിട്ടുകയാണ്." രാഹുൽ ഗാന്ധി ആവർത്തിച്ചു.
നാൽപത് ശതമാനം കമ്മീഷൻ വിഴുങ്ങിയും പാവപ്പെട്ടവരുടെ പണം കട്ട് മുടിച്ചുമാണ് കർണാടക സർക്കാരിന്റെ പോക്ക് . ഇതൊന്നും കോൺഗ്രസ് ആരോപിച്ചതല്ല ,കമ്മീഷൻ കൊടുക്കേണ്ടി വന്ന കരാറുകാരാണ് ഇത് പരസ്യമാക്കിയത്.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പാലിക്കപ്പെടുമെന്നും രാഹുൽ കന്നഡിഗർക്കുറപ്പ് നൽകി
ഇവിടത്തെ അഴിമതി ചൂണ്ടിക്കാട്ടിയിട്ടും മോദിക്ക് മൗനമായിരുന്നു, അതിനർത്ഥം കർണാടകയിൽ അഴിമതി ഉണ്ടെന്ന് പ്രധാനമന്ത്രിയും അംഗീകരിക്കുന്നു എന്നാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു .
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി കർണാടകയിൽ എത്തുന്നത്. ലോക്സഭാ അംഗത്വം റദ്ദായ തൊട്ടടുത്ത ദിവസങ്ങളിൽ കോലാറിൽ റാലി നടത്താൻ ശ്രമിച്ചിരുന്നെങ്കിലും മൂന്നു തവണ തീയതി മാറ്റിയിരുന്നു.