ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക! രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് മോദിയുടെ ഉണ്ടയില്ലാ വെടികള്‍

രാഹുല്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് നരേന്ദ്ര മോദി കൃത്യമായ മറുപടി നല്‍കിയോ?

ലോക്‌സഭയില്‍ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ ഉന്നയിച്ചത്. പരീക്ഷാ തട്ടിപ്പ് മുതല്‍, കര്‍ഷക പ്രശ്‌നങ്ങള്‍ വരെ എണ്ണിയെണ്ണി പറഞ്ഞുളള വിമര്‍ശനം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ സഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇന്ന് മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, രാഹുല്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് നരേന്ദ്ര മോദി കൃത്യമായ മറുപടി നല്‍കിയോ?

സ്ഥിരം വാചക കസര്‍ത്തിനപ്പുറം മോദിയുടെ പ്രസംഗത്തില്‍ പ്രത്യേകിച്ചൊന്നും ഇല്ലായിരുന്നു. രാഹുലിന് എതിരെ പ്രയോഗിച്ച പരിഹാസ വാക്കുകള്‍ക്ക് പോലും തീരെ മൂര്‍ച്ചയില്ലായിരുന്നു. കശ്മീരില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചെന്നും ഭീകരവാദം അവസാനിപ്പിച്ചെന്നും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നുമുള്ള 2014 മുതല്‍ കേട്ടുതഴമ്പിച്ച കുറേ വാക്പ്രയോഗങ്ങള്‍. കശ്മീര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ബിജെപിക്ക് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അവിടെ ഒരൊറ്റ സീറ്റില്‍ പോലും മത്സരിക്കാന്‍ സാധിച്ചിട്ടില്ല. അതാണ് വസ്തുത. അത് പക്ഷെ മോദിക്ക് പറയാന്‍ പറ്റില്ല.

പ്രതിപക്ഷത്തിന്റെ 'മണിപ്പൂര്‍ മണിപ്പൂര്‍' വിളികളില്‍ അസ്വസ്ഥനായിരുന്നു തുടക്കം മുതല്‍ മോദി. കോണ്‍ഗ്രസ് അഴിമതിക്കാരാണെന്നും അടിയന്തരാവസ്ഥ നടപ്പാക്കിവരാണെന്നുമുള്ള പറഞ്ഞുപഴകിയ സ്ഥിരം ഡയലോഗുകള്‍. മേമ്പൊടിക്കൊരല്‍പ്പം സൈനിക സ്‌നേഹവും. ഗൗരവതരമായ ചോദ്യങ്ങളുന്നയിച്ച രാഹുലിനെ വ്യക്തിഹത്യ നടത്തി തോല്‍പ്പിക്കാനൊരു പാഴ്ശ്രമവും നടത്തിനോക്കി. രഹുല്‍ ഗാന്ധിക്കിപ്പോഴും കുട്ടിക്കളിയാണെന്നായിരുന്നു പരിഹാസം.

കഴിഞ്ഞദിവസം രാഹുലും മഹുവ മൊയ്ത്രയും അടക്കമുള്ളവര്‍ നടത്തിയ നിശിത വിമര്‍ശനങ്ങളെ നേരിടാന്‍ സാധിക്കാതെയാണ് മോദി തിങ്കളാഴ്ച സഭ വിട്ടത്. മറുപടി പ്രസംഗം മനപ്പാഠം പഠിച്ചുവന്ന മോദി, സ്ഥിരം കസര്‍ത്തുകള്‍ കാട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, പ്രതിപക്ഷം ഇനിയും ശക്തമായി തന്നെ നിലപാടുകളുയര്‍ത്തും എന്ന് രണ്ടുദിവസത്തെ അവരുടെ പ്രകടനത്തില്‍ നിന്ന് വ്യക്തമാണ്. മോദി ഈ വാക്ശരങ്ങളെ എങ്ങനെ നേരിടുമെന്ന് കാണാന്‍ കാത്തിരിക്കണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in