നീളം 296 കി.മീ, ചിലവ് 14,859 കോടി; വിസ്മയമായി ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ

നീളം 296 കി.മീ, ചിലവ് 14,859 കോടി; വിസ്മയമായി ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ

14,489.09 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന ചിലവ്. എന്നാല്‍ 12.7 ശതമാനം കുറഞ്ഞ ചിലവില്‍ 1132 കോടിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു
Updated on
1 min read

28 മാസത്തിനുള്ളില്‍ 296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേ. പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു രാജ്യത്തിനു സമര്‍പ്പിച്ച ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തേതും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. ഉത്തര്‍പ്രദേശിലെ ചിത്രകൂട ജില്ലയിലെ ഗോണ്ടയ്ക്കും ഇറ്റാവ ജില്ലയിലൂടെ കടന്നുപോകുന്ന ആഗ്ര-ലഖ്‌നൗവ് ജില്ലയെയും ബന്ധിപ്പിക്കുന്ന ഈ നാലുവരിപ്പാത സംസ്ഥാനത്തെ ഏഴു ജില്ലകളിലൂടെ കടന്നുപോകുന്നു.

ലോകോത്തര നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ച് യാത്രാസജ്ജമാക്കിയ എക്‌സ്പ്രസ് ഹൈവേയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സാമൂഹിക-സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുന്നതിനും, ആഗ്ര, അലിഗഡ്, ലഖ്നൗ, കാണ്‍പൂര്‍, ചിത്രകൂട്ട്, ഝാന്‍സി എന്നിവയുള്‍പ്പെടെ ആറ് പ്രദേശങ്ങളില്‍ സൈനിക വസ്തുക്കളുടെ തദ്ദേശീയ നിര്‍മ്മാണത്തിനും ഉത്തേജനം നല്‍കുന്നതാണ് പദ്ധതി.

2020 ഫെബ്രുവരി 28ന് നരേന്ദ്രമോഡി തറക്കല്ലിട്ട പദ്ധതി 14,859 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്. വെറും 28 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു സംസ്ഥാനത്ത് ഏറ്റവും വേഗത്തില്‍ നിര്‍മിച്ച പാതയെന്ന റെക്കോഡ് സ്ഥാപിച്ച ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ്‌വേ പ്രതീക്ഷിച്ച ചിലവില്‍ താഴെയാണ് തീര്‍ത്തത്. 14,489.09 കോടി രൂപയായിരുന്നു പ്രതീക്ഷിച്ചിരുന്ന ചിലവ്. എന്നാല്‍ 12.7 ശതമാനം കുറഞ്ഞ ചിലവില്‍ 1132 കോടിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

നാല് റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍, 14 പ്രധാന പാലങ്ങള്‍, 293 ചെറു ബ്രിഡ്ജുകള്‍, 18 മേല്‍പ്പാലങ്ങള്‍, 224 അണ്ടര്‍പാസുകള്‍, ആറ് ടോള്‍ പ്ലാസകള്‍, ഏഴ് റാമ്പ് പ്ലാസകള്‍ എന്നിവ ഉള്‍പ്പെട്ട പാത ഭാവിയില്‍ ആറുവരിയാക്കി വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിര്‍മിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി പാതകള്‍ക്ക് ഇരുവശത്തും ഏഴു ലക്ഷം മരങ്ങളും വെച്ചുപിടിപ്പിക്കും.

സംസ്ഥാനത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക വികസനത്തിനും ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ ഉത്തേജനം നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in