ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയതിൽ മൗനം; 'ഗണേശോത്സവം സ്വാതന്ത്ര്യസമരകാലത്ത് നിർണായക പങ്കുവഹിച്ചു'; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ പ്രതിരോധം
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ എത്തി ഗണപതി പൂജയില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗണപതി പൂജയില്‍ താൻ പങ്കെടുത്തതാണ് കോണ്‍ഗ്രസിനെ രോഷാകുലരാക്കിയതെന്നും ഇത്തരം മാനസികാവസ്ഥ രാജ്യത്തിന് അപകടകരമാണെന്നും മോദി പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയെ സന്ദർശിച്ചതിലൂടെ ചീഫ് ജസ്റ്റിസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന വിമർശനങ്ങളോട് മൗനം പാലിക്കുകയായിരുന്നു മോദി. മറിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചായിരുന്നു മോദിയുടെ മറുപടികള്‍.
കർണാടകയില്‍ ഗണപതി വിഗ്രഹം ഇരുമ്പഴിക്കുള്ളിലാക്കിയ സർക്കാരാണ് കോണ്‍ഗ്രസിന്റേതെന്നും മോദി കുറ്റപ്പെടുത്തി. ഗണേഷ് ഉത്സവം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ നിർണായകപങ്കുവഹിച്ചെന്നാണ് മോദി ഉന്നയിച്ച മറ്റൊരു വാദം.
"അധികാരമോഹികളായ ബ്രിട്ടീഷുകർ രാജ്യത്തെ വിഭജിച്ചു, മതത്തിന്റെ പേരില്‍ സംഘർഷങ്ങളുണ്ടാക്കി, സമൂഹത്തില്‍ വിഷം പടർത്തി. വിഭജിച്ചുഭരിക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ മനോഭാവം. ഗണേശോത്സവം സംഘടിപ്പിച്ച് ലോക്‌മാന്യ തിലക് ഇന്ത്യയുടെ ആത്മാവിനെ ഉണർത്തി," മോദി പറഞ്ഞു.
"എല്ലാത്തിനും മുകളില്‍ ഐക്യത്തോടെ നിലനില്‍ക്കാനാണ് നമ്മുടെ മതം നമ്മെ പഠിപ്പിക്കുന്നത്. ഗണേശോത്സവം അതിന്റെ അടയാളമാണ്. ഇപ്പോഴും ഗണേശോത്സവത്തില്‍ എല്ലാവരും പങ്കെടുക്കുന്നു. അവിടെ വ്യത്യാസങ്ങളില്ല. സമൂഹം ഒന്നിച്ചു നില്‍ക്കുകയാണ്," പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണപതി പൂജയ്ക്കായി മോദിയെത്തിയത്. രൂക്ഷവിമർശനമായിരുന്നു അഭിഭാഷക സമൂഹത്തില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നുമുയർന്നത്. ജൂഡീഷ്യറിയുടെ സുതാര്യതെയെ ചോദ്യം ചെയ്യുന്ന സംഭവമെന്നായിരുന്നു പ്രധാന വിമർശനം.
മോദിയെ സ്വന്തം വസതിയില്‍ സ്വകാര്യ ചടങ്ങിന് ചീഫ് ജസ്റ്റിസ് ക്ഷണിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
"പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടനയ്ക്കു പരിധിക്കുള്ളില്‍നിന്ന് സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുമായ ജുഡീഷ്യറി ഇവിടെ സമൂഹത്തിന് കൈമാറുന്നത് മോശം സന്ദേശമാണ്. അതുകൊണ്ടാണ് എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ കൃത്യമായ വേർതിരിവുള്ളത്," പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
കേന്ദ്രത്തിനെതിരായ കേസുകള്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കെയാണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി സന്ദർശനം നടത്തിയെന്നതാണ് പ്രധാന പ്രശ്നമെന്ന് സുപ്രീംകോടതി അഭിഭാഷകനായ എംആർ അഭിലാഷ് ദ ഫോർത്തിനോട് വ്യക്തമാക്കി.
"വ്യക്തിപരമായ ബന്ധങ്ങള്‍ വെച്ചുപുലർത്തുന്നത് 1997ലെ പെരുമാറ്റച്ചട്ടത്തിന്റെ (Restatement of Values of Judicial Life) ലംഘനമാണ്. ജഡ്ജിമാർ അധികാര സ്ഥാനത്തുള്ളവരുമായി ബന്ധം പുലർത്തുമ്പോള്‍ അത് സർക്കാരിനെതിരെ നിലപാടെടുക്കാൻ പ്രപ്തമായിട്ടുള്ള കോടതിയുടെ നടപടിക്രമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കുറയ്ക്കും," എംആർ അഭിലാഷ് കൂട്ടിച്ചേർത്തു.
ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള അധികാരവിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തതായി അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രമായുള്ള പ്രവർത്തനത്തിലുള്ള എല്ലാ വിശ്വാസവും നഷ്ടമായി. സുപ്രീംകോടതി ബാർ അസോസിയേഷൻ ഇതിനെ അപലപിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.