സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൂടിയ വര്‍ഷം; 2022ൽ ദേശീയ വനിതാ കമ്മീഷന് ലഭിച്ചത് 31,000 പരാതികള്‍
2022ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വര്‍ധിച്ചതായി ദേശീയ വനിതാ കമ്മീഷൻ (എൻസിആർബി). പോയവര്‍ഷം കമ്മീഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. 2022ല്‍ 30,957 പരാതികളാണ് കമ്മീഷന് മുന്നിലെത്തിത്. 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. 2021ല്‍ 30,864 കേസുകളാണ് കമ്മീഷനിലെത്തിയത്. 2022ല്‍ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ നിന്നാണ് കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍, ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടുള്ള പരാതികളായിരുന്നു കൂടുതല്‍. 9,710 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 6,970 കേസുകൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 4,600 പരാതികളും വനിതാ കമ്മീഷന് ലഭിച്ചു.
സ്ത്രീ പീഡനം സംബന്ധിച്ചുളള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2,523 പരാതികള്‍ റിപ്പോർട്ട് ചെയ്തു. ബലാത്സംഗം, ബലാത്സംഗശ്രമം എന്നിവയുമായി ബന്ധപ്പെട്ട് 1,701 പരാതികൾ റിപ്പോർട്ട് ചെയ്തപ്പോൾ സ്ത്രീകൾക്കെതിരായ കേസുകളിൽ പോലീസ് അനാസ്ഥ ചൂണ്ടിക്കാട്ടിയുളള പരാതികളിൽ 1,623 പരാതികളാണ് വനിതാ കമ്മീഷന് കിട്ടിയത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 924 പരാതികളും പോയവര്‍ഷം കമ്മീഷന് ലഭിച്ചു.
സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ്. ആകെ പരാതികളില്‍ 54.5 ശതമാനം ഉത്തര്‍പ്രദേശില്‍ നിന്നാണ്. 16,872 പരാതികളാണ് ഇവിടെ നിന്നും ലഭിച്ചത്. രണ്ടാം സ്ഥാനത്ത് ഡൽഹിയാണ്, 3,004 പരാതികള്‍. തൊട്ടു പിന്നാലെ മഹാരാഷ്ട്ര 1,381, ബിഹാർ 1,368, ഹരിയാന 1,362 സംസ്ഥാനങ്ങളാണ്.
അതേസമയം, 2022 സെപ്റ്റംബറിലെ ദേശീയ വനിതാ കമ്മീഷന്റെ കണക്കിനെ മുൻനിർത്തി, സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് എന്ന വാദമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.
രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് 2021ൽ ഐപിസി പ്രകാരം 4,28,278 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ യുപിയിൽ 56,083 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമയത്ത്, രാജ്യത്ത് സംഭവിച്ച ആകെ ബലാത്സംഗങ്ങളുടെ എണ്ണം 31,677 ആണ്. യുപിയിൽ ഇത് 2,845 ആണ്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് 4.8 ആയിരിക്കുമ്പോൾ യുപിയില്‍ അത് 2.6 ആണെന്നും സര്‍ക്കാര്‍ പ്രസ്താവനയിൽ പറയുന്നു.