പാഠ്യപദ്ധതി ചട്ടക്കൂട്: പന്ത്രണ്ടാം ക്ലാസിൽ സെമസ്റ്റർ രീതി ശിപാർശ ചെയ്യാൻ സാധ്യത
ഹയർ സെക്കൻഡറി ക്ലാസുകൾക്ക് ഇനി ആർട്സ്, കൊമേഴ്സ്, സയൻസ് വേർതിരിവ് വേണ്ടെന്ന് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്) തയാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ശിപാർശ ചെയ്തേക്കും. സയൻസ്, ഹ്യൂമാനിറ്റീസ് എന്നീ രണ്ട് വിഭാഗങ്ങൾ മാത്രം മതിയെന്നു സമിതി ശിപാർശ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പന്ത്രണ്ടാം ക്ലാസുകാർക്ക് വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്താനും സെമസ്റ്റർ സംവിധാനം കൊണ്ടുവരാനും സമിതി ശിപാർശ ചെയ്തേക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗന്റെ കീഴിലുള്ള 12 അംഗ സ്റ്റിയറിങ് കമ്മിറ്റിയാണ് ശിപാർശകൾ തയ്യാറാക്കുന്നത്.
ഏറെക്കുറെ തയ്യാറായിക്കഴിഞ്ഞ എൻസിഎഫ് കരട് രേഖ പൊതുജന അഭിപ്രായത്തിനായി ഉടൻ ലഭ്യമാക്കും. 2005ൽ യുപിഎ സർക്കാരിന്റെ കാലത്താണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്.
കരട് രേഖ അംഗീകരിച്ചുകഴിഞ്ഞാൽ, 9, 10 ക്ലാസുകളുടെ ഘടനയിലും വലിയ മാറ്റങ്ങൾ വന്നേക്കും. 9, 10 ക്ലാസുകളിലെ വിദ്യാർഥികൾ എട്ട് പേപ്പറുകൾ വീതം പരീക്ഷയെഴുതേണ്ടി വരും. എന്നാൽ പത്താം ക്ലാസുകാർക്ക് സെമസ്റ്റർ സംവിധാനമുണ്ടാകില്ല. വർഷത്തിൽ രണ്ട് തവണ ബോർഡ് പരീക്ഷ നടത്തുന്നത് പഠിച്ച വിഷയങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ വിദ്യാർഥികളെ സഹായിക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ൽ നിർദ്ദേശിച്ച പ്രകാരം "ഓൺ ഡിമാൻഡ്" (വിദ്യാർഥികൾ തയ്യാറാകുമ്പോൾ മാത്രം പരീക്ഷ നടത്തുന്ന രീതി) പരീക്ഷകൾ നടപ്പാക്കുന്ന തലത്തിലേക്ക് നിലവിലെ രീതി ക്രമേണ മാറ്റാനും ആലോചനയുണ്ട്. സിബിഎസ്‌ഇ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിലും എൻസിഇആർടി പാഠപുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തും. എൻഇപി-2020 അധ്യാപന രീതി ഉൾപ്പടെയുള്ള കാര്യങ്ങൾ പുനഃക്രമീകരിക്കും.
നിലവിൽ, 12-ാം ക്ലാസ് സിബിഎസ്ഇ വിദ്യാർഥികൾ അഞ്ച് മുതൽ ആറ് വിഷയങ്ങളിൽ മാത്രമാണ് ബോർഡ് പരീക്ഷ എഴുതുന്നത്. സയൻസ് തിരഞ്ഞെടുത്ത ഒരു വിദ്യാർഥിക്ക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നിവ പഠിക്കാനുള്ള അവസരമില്ല. എന്നാൽ എൻസിഎഫിന്റെ പുതുക്കിയ പാഠ്യപദ്ധതിയിൽ ഈ വേർതിരിവില്ല.
11-12 ക്ലാസുകളിൽ തിരഞ്ഞെടുത്ത് പഠിക്കാനായി 16 വിഷയങ്ങളാണ് എൻസിഎഫ് ശിപാർശ ചെയ്യുന്നത്. അതിനാൽ വിദ്യാർഥിക്ക് വേണമെങ്കിൽ ഫിസിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ് എന്നിവ ഒരുമിച്ച് പഠിക്കാനുള്ള അവസരമുണ്ട്.