കോവിഡ് പ്രതിരോധം: രാജ്യ വ്യാപകമായി ഇന്ന് മോക്ഡ്രില്‍, കേസുകള്‍ ഉയരുന്നു
രാജ്യത്ത് കോവിഡ് പോസിറ്റീവ് നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈറസ് ബാധയെ നേരിടാന്‍ രാജ്യ വ്യാപകമായി മോക്ഡ്രില്ലിന് ഇന്ന് തുടക്കം. വൈറസിനെ നേരിടാന്‍ രാജ്യത്തെ പൊതു സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കുന്നതിനായാണ് ഇന്നും നാളെയുമായി രാജ്യ വ്യാപകമായി മോക്ഡ്രില്‍ നടത്തുന്നത്. ഇന്ത്യയില്‍ കോവിഡ് കേസുകളും ഇന്‍ഫ്ളുവന്‍സ പോലുള്ള പകര്‍ച്ചവ്യാധികളും ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഹരിയാനയിലെ മോക്ഡ്രില്ലിന് മേല്‍നോട്ടം വഹിക്കും. ഹരിയാന ജജ്ജറിലെ എയിംസ് ആശുപത്രി യിലെ മോക്ക് ഡ്രില്ലിനായിരിക്കും അദ്ദേഹം മേല്‍നോട്ടം വഹിക്കുക. അതത് സംസ്ഥാനങ്ങളിലെ കോവിഡ് മോക്ക് ഡ്രില്ലുകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.
മരുന്ന് ആശുപത്രികള്‍, ഓക്സിജന്‍, ചികിത്സോപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് എല്ലാ പൊതു-സ്വകാര്യ ആരോഗ്യ മേഖലയിലുള്ളവരും രണ്ട് ദിവസങ്ങളിലായി നടത്തുന്ന മോക്ഡ്രില്ലില്‍ പങ്കാളികളാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും (ഐസിഎംആര്‍) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ ക്രമാനുഗതമായ വര്‍ധന
കോവിഡ് സജീവ കേസുകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലാണ് കേരളം. 965 പുതിയ കേസുകളടക്കം 11574 കേസുകളാണ് കേരളത്തില്‍. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പ് മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. പ്രതിദിന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതോടെ ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
ഫെബ്രുവരി മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ ക്രമാനുഗതമായ വര്‍ധനയാണുണ്ടായത്. കോവിഡ് വാക്സിനേഷന്‍ കാര്യക്ഷമമായി നടന്നത് കാരണം ആശുപത്രിയില്‍ പ്രവേശിപ്പി ക്കുന്നവരുടെ എണ്ണത്തില്‍ കുറവുവന്നെങ്കിലും കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പൊതുജനാരോഗ്യ ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടെതുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനങ്ങളിലൂടനീളം കോവിഡ് പരിശോധന കര്‍ശനമാക്കണമെന്നും, പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തിരച്ചറിയാന്‍ സാധിച്ചാല്‍ വൈറസ് വ്യാപനം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി.. മറ്റ് സീസണല്‍ അണുബാധകള്‍ പടരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം മുന്നില്‍ കണ്ട് അത് കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.