INDIA
ശക്തിപ്രകടനമായി നാവികസേനയുടെ സൈനികാഭ്യാസം
സമീപ വർഷങ്ങളിൽ നാവികസേന നടത്തിയ ഏറ്റവും വലിയ സൈനിക പ്രകടനമാണ്
അറബിക്കടലിൽ സൈനികാഭ്യാസം നടത്തി നാവിക സേന. മുപ്പത്തിയഞ്ചിലധികം യുദ്ധവിമാനങ്ങളും രണ്ട് വിമാന വാഹിനികളും വിവിധ അന്തർവാഹിനികളുമുൾപ്പെടുത്തിയുള്ള നാവികാഭ്യാസം സമീപ വർഷങ്ങളിൽ നാവികസേന നടത്തിയ ഏറ്റവും വലിയ സൈനിക പ്രകടനമാണ്.
നാവിക സേനയുടെ വിമാന വാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് തുടങ്ങിയവയും മിഗ് 29-കെ ഉൾപ്പടെയുള്ള യുദ്ധവിമാനങ്ങളും എംഎച്ച് 60ആർ, കാമോവ് ഉൾപ്പെടെ ഹെലികോപ്റ്ററുകളും പ്രകടനത്തിൽ അണിനിരന്നു.
വിമാനവാഹിനികളുടെയും അന്തർവാഹിനികളുടെയും സുഗമവും സംയോജിതവുമായ പ്രവർത്തന മികവ് ഇന്ത്യൻ മഹാസമുദ്രമുൾപ്പെടെയുള്ള സമുദ്രമേഖലയുടെ സംരക്ഷണത്തിൽ ഇന്ത്യയുടെ ശക്തി വെളിവാക്കുന്നതാണെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നാവിക സേനയ്ക്കുള്ള പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നാവികസേന അറിയിച്ചു.