ചളിവെള്ളത്തിൽ തലകുനിച്ച് നിർത്തി, വടികൊണ്ട് മർദനം; എൻസിസി പരിശീലനത്തിനിടെ സീനിയര്‍ കേഡറ്റിന്റെ ക്രൂരത
കനത്തമഴയില്‍ തല ചെളിവെള്ളത്തിൽ കുത്തി എൻസിസി കേഡറ്റുമാരെ ക്രൂരമായി മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍. മഹാരാഷ്ട്രയിലെ താനെയിലെ ജോഷി ബേദ്കര്‍ കോളേജിലാണ് സംഭവം നടന്നത്. വിദ്യാർഥികൾ പകർത്തിയ ക്രൂര മര്‍ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എട്ടോളം വിദ്യാര്‍ത്ഥികളെ സീനിയര്‍ കേഡറ്റ് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.
ചെളിവെള്ളത്തിൽ പുഷ് അപ്പ് പൊസിഷനിൽ തല വെള്ളത്തിൽ കുത്തി കൈകൾ പിന്നോട്ട് വച്ചിരിക്കുന്ന കുട്ടികളെ സീനിയർ വിദ്യാർഥി മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ. കുട്ടികളുടെ മുഖം വെള്ളത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്. വലിയ വടി കൊണ്ട് ഒരു സീനിയർ വിദ്യാർഥി പുറകിലൂടെ നടക്കുന്നുണ്ട്. ഇരുത്തിയിരിക്കുന്ന സ്ഥലത്ത് നിന്ന് അനങ്ങുന്ന കുട്ടികളെ സീനിയർ വിദ്യാർഥി ആവർത്തിച്ച് ക്രൂരമായി അടിക്കുന്നത് കാണാം. മര്‍ദനം താങ്ങാനാവാതെ വിദ്യാര്‍ത്ഥികള്‍ ചെളിവെള്ളത്തില്‍ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
മുതുകിലും തുടയിലും അടികിട്ടുമ്പോൾ വേദനകൊണ്ട് പുളയുകയും അടിക്കരുതെന്ന് വിദ്യാര്‍ഥികള്‍ കരഞ്ഞ് അപേക്ഷിക്കുന്നുണ്ട്. എന്നാൽ കരയുമ്പോൾ സീനിയര്‍ വിദ്യാര്‍ഥി ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. പരിശീലകന്റെ അഭാവത്തിലാണ് സീനിയര്‍ വിദ്യാര്‍ഥി ട്രെയിനിങ് ചുമതല ഏറ്റെടുത്തതെന്നും സംഭവത്തില്‍ കര്‍ശന നടപടിയെടുത്തായും കോളേജ് പ്രിന്‍സിപ്പല്‍ സുചിത്ര നായിക് പറഞ്ഞു. ഈ വിദ്യാര്‍ഥിക്കെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
എൻസിസി പരിശീല സെഷനുകളിൽ കേഡറ്റുകൾക്ക് നൽകുന്ന പരിശീലനം സൈനിക, നാവിക സേനയിൽ നൽകുന്ന പരിശീലനത്തിന് സമാനമാണ്. പരിശീലനത്തിനിടെയുണ്ടായ പിഴവ് മൂലം സീനിയർ വിദ്യാർഥി മർദ്ദിച്ചുവെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും മർദനമേറ്റ വിദ്യാർഥികൾ ഭയപ്പെടേണ്ടതില്ല എന്നും അവർ കൂട്ടിച്ചേർത്തു.
“ഈ യൂണിറ്റിലെ എൻസിസി ഇൻസ്ട്രക്ടറെ അടുത്തിടെ സ്ഥലം മാറ്റി. അധ്യാപകരുടെ അഭാവത്തിൽ മുതിർന്ന കേഡറ്റുകൾ ചുമതല ഏറ്റെടുത്തതാണ് ഈ സംഭവത്തിലേക്ക് നയിച്ചത്,”- യൂണിവേഴ്സിറ്റി സെനറ്റ് അംഗം പറഞ്ഞു. അതിനിടെ, ഇൻസ്ട്രക്ടറെ മറ്റൊരു കോളേജിലേക്ക് മാറ്റിയതിന് ശേഷം വിദ്യാർഥികളെ എൻസിസി ഇൻസ്ട്രക്ടറായി പ്രവർത്തിക്കാൻ അനുവദിച്ചതിന് കോളേജ് പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ സർവകലാശാലയിലെ ചില സെനറ്റ് അംഗങ്ങൾ വൈസ് ചാൻസലറെ സമീപിച്ചു.