'കൂട്ടായ പ്രയത്നത്തിന്റെ ഫലം'; പാഠ പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കണമെന്ന മുഖ്യ ഉപദേശകരുടെ ആവശ്യം തള്ളി എൻസിഇആർടി
പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന മുൻ മുഖ്യ ഉപദേഷ്ടാക്കളുടെ ആവശ്യം തള്ളി എൻസിഇആർടി. കൗൺസിലിന്റെ മുഖ്യ ഉപദേശകരായിരുന്ന സുഹാസ് പല്‍ഷികറിന്റെയും യോഗേന്ദ്ര യാദവിന്റെയും ആവശ്യമാണ് എൻസിഇആർടി തള്ളിയത്. പാഠപുസ്തകങ്ങൾ കൂട്ടായ പ്രയത്നത്തിന്റെ ഫലമായതിനാൽ കൗൺസിലിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ ആവശ്യപ്രകാരം പേര് നീക്കം ചെയ്യാൻ ആകില്ലെന്നും എൻസിഇആർടി പ്രസ്താവനയിൽ അറിയിച്ചു. പകർപ്പവകാശ ഉടമസ്ഥാവകാശത്തെ അടിസ്ഥാനമാക്കി മാറ്റങ്ങൾ വരുത്താനുള്ള അവകാശം കൗൺസിലിന് മാത്രമാണെന്നും എൻസിഇആർടി വ്യക്തമാക്കി.
2006-07ൽ പ്രസിദ്ധീകരിച്ച 9 മുതൽ 12 വരെ ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിച്ച സുഹാസ് പാൽഷിക്കറും യോഗേന്ദ്ര യാദവും കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ച് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഡി എസ് സക്ലനിക്ക് കത്തയച്ചത്. ഒരു യുക്തിയുമില്ലാത്ത വെട്ടും തിരുത്തുമാണ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ വരുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പേരു നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിനോട് പ്രതികരിച്ചാണ്, കൗൺസിൽ വെള്ളിയാഴ്ച രാത്രി ഒരു പൊതു പ്രസ്താവന പുറത്തിറക്കിയത്.
എല്ലാ ഉപദേഷ്ടാക്കളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകൾ എല്ലാ പാഠപുസ്തതകങ്ങളിലും അച്ചടിക്കുന്നത് തുടരുമെന്നും കൗൺസിൽ വ്യക്തമാക്കി
പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതോടെ പാഠപുസ്തക വികസന സമിതികൾ (യാദവും പാൽഷിക്കറും അംഗങ്ങളായിരുന്നു) ഇല്ലാതായെന്നും വിദ്യാഭ്യാസ സാമഗ്രികളുടെ പകർപ്പവകാശം തുടർന്നും സമിതിയിൽ നിന്ന് സ്വതന്ത്രമായ കൗൺസിലിൽ നിലനിൽക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പാഠപുസ്തക വികസന സമിതിയിലെ എല്ലാ അംഗങ്ങളും ഈ ക്രമീകരണം രേഖാമൂലം സമ്മതിച്ചതായും പ്രസ്താവനയിൽ പറയുന്നു.
''പാഠപുസ്തക വികസന സമിതിയിലെ അംഗങ്ങളുടെ വിവിധ ശേഷിയിലുള്ള റോളുകൾ പാഠപുസ്തകങ്ങൾ എങ്ങനെ രൂപകൽപന ചെയ്യാമെന്നും വികസിപ്പിക്കാമെന്നും ഉപദേശിക്കുന്നതിനോ അവയുടെ ഉള്ളടക്കങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്നതിനോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു നിശ്ചിത വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ അറിവിന്റെയും ധാരണയുടെയും അവസ്ഥയെ അടിസ്ഥാനമാക്കിയാണ് സ്കൂൾ തലത്തിലെ പാഠപുസ്തകങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ, ഒരു ഘട്ടത്തിലും വ്യക്തിഗത കർത്തൃത്വം അവകാശപ്പെടുന്നില്ല''- എൻസിഇആർടി പ്രസ്താവനയിൽ പറയുന്നു. കൂടാതെ എല്ലാ ഉപദേഷ്ടാക്കളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകൾ എല്ലാ പാഠപുസ്തതകങ്ങളിലും അച്ചടിക്കുന്നത് തുടരുമെന്നും കൗൺസിൽ വ്യക്തമാക്കി.
ചരിത്ര സംഭാവനങ്ങളെ കുറിച്ചുള്ള പ്രധാന ഭാഗങ്ങളാണ് എന്‍സിആര്‍ടി പലപ്പോഴായി നീക്കം ചെയ്യുന്നത്. 2002-ലെ ഗുജറാത്ത് കലാപം, മുഗള്‍ കാലഘട്ടത്തെയും ജാതി വ്യവസ്ഥയെയും കുറിച്ചുള്ള ഭാഗം, മഹാത്മാ ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനവും, സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഭാഗങ്ങള്‍ എന്നിവയും പാഠഭാഗങ്ങളില്‍ നിന്ന് പുറംതള്ളിയവയില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ തിരുത്തലുകളും ഒഴിവാക്കലുകളുമെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം.
ഇതിന് പിന്നാലെ പിന്നാലെ പത്താം ക്ലാസിലെ പാഠ്യപദ്ധതിയില്‍നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി എന്‍സിഇആര്‍ടി ഒഴിവാക്കിയിരുന്നു. കോവിഡ് സൃഷ്ടിച്ച ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് എന്‍സിഇആര്‍ടി ഉന്നയിക്കുന്ന വാദം.