'ചെറിയ മാറ്റങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ല'; പാഠപുസ്തക പരിഷ്കരണത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി
ഗാന്ധി വധത്തിലെ ആര്‍എസ്എസ് പങ്ക്, മുഗള്‍ രാജവംശ ചരിത്രം, മൗലാന അബുല്‍ കലാം ആസാദിന്‌റെ സംഭാവനകള്‍, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ഭാഗം തുടങ്ങിയവ പാഠപുസ്തകത്തില്‍ നിന്ന് നീക്കിയതിലെ വിവാദത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി. പാഠഭാഗങ്ങളെ ഒഴിവാക്കിയോ കൂട്ടിച്ചേര്‍ത്തോ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ നേരത്തെ പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കൗണ്‍സില്‍ നല്‍കുന്ന വിശദീകരണം. ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രസ്താവനയിലൂടെയാണ് എന്‍സിഇആര്‍ടി നിലപാട് വ്യക്തമാക്കുന്നത്.
2022 ജൂണില്‍ പാഠപുസ്തകങ്ങളില്‍ കൊണ്ടുവരുന്ന പ്രധാനമാറ്റങ്ങളുടെ ലിസ്റ്റ് എന്‍സിഇആര്‍ടി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഗാന്ധി വധമുള്‍പ്പെടെയുള്ള കാര്യങ്ങളിലെ മാറ്റം ഇതില്‍ പ്രതിപാദിച്ചിരുന്നില്ല. പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയ പ്രസക്തമോ പ്രാധാന്യമുള്ളതോ അല്ലാത്തതായ ഭാഗങ്ങളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് സമിതി പറയുന്നു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശയക്കുഴപ്പം ഒഴിവാക്കാനായാണ് ഇത്തരത്തില്‍ ചെറിയ മാറ്റങ്ങളെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതെന്നും വിശദീകരിക്കുന്നു.
'' ഓരോ പുസ്തകത്തിലും യുക്തിസഹമായി കൊണ്ടുവന്ന മാറ്റങ്ങളും വിശദാംശങ്ങളും പിഡിഎഫ് രൂപത്തില്‍ പാഠപുസ്തകത്തിനൊപ്പം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണ്. വിദഗ്ധ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് പാഠപുസ്തകങ്ങളുടെ പുനക്രമീകരണവും പുനപ്രസിദ്ധീകരണവും എല്ലാവര്‍ഷവും തുടരുന്ന പ്രക്രിയയാണ് '' - എന്‍സിഇആര്‍ടി വിശദീകരിക്കുന്നു.
2022-23 അധ്യയന വര്‍ഷത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് ശേഷം ഏതെങ്കിലും ഭാഗങ്ങള്‍ പുതുതായി വെട്ടിമാറ്റുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിആര്‍ടി വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ആവര്‍ത്തനം, അപ്രസക്തം, പുതിയ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്, കുട്ടികള്‍ക്ക് പാഠപുസ്തകത്തിലൂടെയല്ലാതെ തന്നെ വിവരങ്ങള്‍ ആര്‍ജിക്കാനാകുന്നത് എന്നിങ്ങനെയായിരുന്നു വിവിധ പാഠഭാഗങ്ങള്‍ ഒഴിവാക്കിയ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ നല്‍കിയ വിശദീകരണം.
മഹാത്മാ ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനവും പാഠപുസ്തക പരിഷ്‌കരണത്തിന്‌റെ ഭാഗമായി ഒഴിവാക്കിയിരുന്നു.15 വര്‍ഷത്തിലേറെയായി പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് പുതിയ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റിയത്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമര്‍ശമുള്ള 'അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈറ്റി' എന്ന ഭാഗം 11-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കി.പന്ത്രണ്ടാം ക്ലാസ് ചരിത്രപുസ്തകത്തില്‍ നിന്നായിരുന്നു മുഗള്‍ രാജവംശത്തെക്കുറിച്ചുളള അധ്യായങ്ങള്‍ ഒഴിവാക്കിയത്.പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ 'ഭരണഘടനാ എന്തിന്, എങ്ങനെ?'എന്ന പാഠഭാഗത്ത് നിന്നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസിന്റെ അന്വേഷണത്തിലാണ് ഈ കാര്യങ്ങള്‍ പുറത്തുവന്നത്.
എന്‍സിഇആര്‍ടിവിദഗ്ധര്‍ക്കൊപ്പം പുറത്തുനിന്നുള്ള 25 വിദഗ്ധരെ കൂടി പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി സര്‍വകലാശാല, ഐസിഎച്ച്ആര്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്വകാര്യ സ്‌കൂളുകള്‍ തുടങ്ങിയവയില്‍ നിന്നുള്ളവര്‍ വിദഗ്ധ സമിതിയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പാഠപുസ്തകത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പ്രതിപക്ഷവും അക്കാദമിക് മേഖലയിലുള്ളവരും ചോദ്യം ചെയ്തിരുന്നു.