പ്രഫുലിനെയും തത്കരെയെയും പുറത്താക്കി പവാര്‍; പാര്‍ട്ടി അധ്യക്ഷനെ നീക്കി പ്രഫുല്‍

പ്രഫുലിനെയും തത്കരെയെയും പുറത്താക്കി പവാര്‍; പാര്‍ട്ടി അധ്യക്ഷനെ നീക്കി പ്രഫുല്‍

നേരത്തെ അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് നരേന്ദ്ര റാത്തോഡ്, വിജയ് ദേശ്മുഖ്, ശിവാജിറാവു ഗാര്‍ജെ എന്നീ മൂന്ന് നേതാക്കളെ എന്‍സിപിയില്‍ നിന്നു പുറത്താക്കിയിരുന്നു.
Updated on
1 min read

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ട്ടേലിനെയും സുനില്‍ തത്കരെയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി എന്‍സിപി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. എന്‍സിപിയുടെയും വിശാല പ്രതിപക്ഷത്തിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരായ നീക്കങ്ങളാണ് ഇവര്‍ നടത്തിയതെന്നും അതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

അതേസമയം എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്ന് ജയന്ത് പാട്ടീലിനെ നീക്കം ചെയ്തതായും പകരം സുനില്‍ തത്കരെയെ നിയമിച്ചതായും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുടെയും പ്രവര്‍ത്തകരുടെയും പിന്തുണ തങ്ങള്‍ക്കാണെന്നും തങ്ങളാണ് യഥാര്‍ഥ എന്‍സിപിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്ന അജിത് പവാറിനും എട്ട് എംഎല്‍എല്‍മാര്‍ക്കുമെതിരേ അയോഗ്യതാ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്തു നല്‍കിയതായും ശരദ് പവാര്‍ അറിയിച്ചു.

നേരത്തെ അജിത് പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിന് നരേന്ദ്ര റാത്തോഡ്, വിജയ് ദേശ്മുഖ്, ശിവാജിറാവു ഗാര്‍ജെ എന്നീ മൂന്ന് നേതാക്കളെ എന്‍സിപിയില്‍ നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍ അപ്പോഴും പ്രഫുല്‍ പട്ടേലിനെതിരേ നടപടി സ്വീകരിക്കാന്‍ പവാര്‍ തയാറായിരുന്നില്ല. പ്രഫുല്‍ പട്ടേലിനെയും തത്കരെയെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ പവാറിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അക്കാര്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ തീരുമാനിക്കുമെന്നു പറഞ്ഞ് പവാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു ചെയ്തത്. പ്രഫുല്‍ പട്ടേലിനെ തിരികെയെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു പവാറിന്റെ വിശ്വാസമെന്നും എന്നാല്‍ പ്രഫുല്‍ വഴങ്ങാതെ വന്നതോടെയാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നു രാവിലെ തന്റെ രാഷ്ട്രീയ ഗുരുവും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാന്റെ അനുസ്മരണത്തോടനുബന്ധിച്ച് സത്താറ ജില്ലയിലെ കരാഡിലുള്ള സ്മാരകത്തില്‍ എത്തിയപ്പോള്‍ വിമതരെ പാര്‍ട്ടിയിലേക്ക് തിരികെ വിളിക്കാനും ശരദ് പവാര്‍ തയാറായിരുന്നു. എന്നാല്‍ അതിന് സമയപരിധി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആ സമയപരിധി അവസാനിച്ചിട്ടും പ്രഫുല്‍ പട്ടേലിന്റെ പക്കല്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്നാണ് നിഗമനം.

അതേസമയം ശരദ് പവാര്‍ തങ്ങള്‍ക്കൊപ്പമാണെന്നു വ്യംഗമായി സൂചന നല്‍കി അജിത് പവാറിന്റെ വാര്‍ത്താ സമ്മേളനവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ഇന്നലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്നു മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അജിത്തിന്റെ പരാമര്‍ശം. ''സംസ്ഥാന അധ്യക്ഷനെ മാറ്റിയതിനു പിന്നാലെ പാര്‍ട്ടിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ വരുമോ'' എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ''നിങ്ങള്‍ക്കറിയില്ലെ ശരദ് പവാര്‍ തന്നെയാണ് ഇപ്പോഴും ഞങ്ങളുടെ ദേശീയാധ്യക്ഷന്‍'' എന്നായിരുന്നു അജിത് പവാര്‍ മറുപടി നല്‍കിയത്.

logo
The Fourth
www.thefourthnews.in