എൻസിപി നേതാവ് ബാബ സിദ്ദിഖി കൊലപാതകം: പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘം, പകയ്ക്ക് പിന്നില്‍ സൽമാൻ ഖാനുമായുള്ള അടുപ്പം?
മുതിർന്ന എൻസിപി (അജിത് പവാർ) നേതാവ് ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തിൽ രണ്ടുപേർ അറസ്റ്റിൽ. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പേർ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ പെട്ടവരാണെന്നാണ് മുംബൈ പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന അക്രമിസംഘത്തിൽ ഒരാൾ ഒളിവിലാണ്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന നേതാവ് പൊതുസ്ഥലത്ത് വെടിയേറ്റ് കൊല്ലപ്പെടുന്നത്. എം എൽ എ സീഷാൻ സിദ്ദിഖിന്റെ നിർമൽ നഗറിലെ ഓഫീസിന് സമീപമായിരുന്നു സംഭവം. ബാബ സിദ്ദിഖി മകൻ്റെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ 6-7 റൗണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകൾ നെഞ്ചിലും ഒരെണ്ണം അടിവയറ്റിലും പതിച്ചു. അദ്ദേഹത്തിന്‍റെ അടുത്തിരുന്നയാൾക്കും പരുക്കേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ അറസ്റ്റിലായിരിക്കുന്ന രണ്ടുപേരിൽ ഒരാൾ ഹരിയാന സ്വദേശിയും മറ്റൊരാൾ ഉത്തർപ്രദേശുകാരനുമാണ്.
ദേശീയ മാധ്യമമായ എൻ ഡി ടി വി റിപ്പോർട്ട് അനുസരിച്ച്, ബാബ സിദ്ദിഖിക്ക് നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പകയ്ക്ക് കാരണം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും മുംബൈ പോലീസ് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ളവരാണെന്ന് സമ്മതിച്ചിരുന്നു.
ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പങ്കിനെ സംബന്ധിച്ചും ചേരി പുനരധിവാസവുമായി ബന്ധപ്പെട്ടും കൊലപതാകാന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം, ബാബ സിദ്ദിഖിക്ക് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ 15 ദിവസം മുൻപ് ബാബ സിദ്ദിഖക്ക് അത്തരമൊരു ഭീഷണി ലഭിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. അതിന് പിന്നാലെയാണ് 'വൈ' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ബാബ സിദ്ദിഖിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനം സംബന്ധിച്ച് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പൊതുസ്ഥലത്തുവച്ച് കൊല്ലപ്പെട്ടുവെന്ന സംഭവം ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ പരാജയമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ കുറ്റവാളികളെ പിന്തുണയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെറ്റിവാറും പറഞ്ഞു.
2024 ഫെബ്രുവരിയിലാണ് 48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബാബ സിദ്ദിഖി എൻസിപിയിലെത്തിയത്. ബാന്ദ്ര വെസ്റ്റിൽനിന്ന് മൂന്നുതവണ എംഎൽഎയായ അദ്ദേഹം, ഭക്ഷ്യ-തൊഴിൽ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായ അദ്ദേഹം ബോളിവുഡുമായുള്ള ശക്തമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.