അജിത് പവാറിനെയും എട്ട് എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് സ്പീക്കറോട് എന്‍സിപി; നിയമപോരാട്ടത്തിനില്ലെന്ന് ശരദ് പവാര്‍
മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ പിളര്‍ത്തി എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാറിനും കൂട്ടര്‍ക്കുമെതിരെ അയോഗ്യതാ നീക്കവുമായി എൻസിപി. ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത എട്ട് മന്ത്രിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വം നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. പാർട്ടി അനുയായികളുടെ പിന്തുണ ശരദ് പവാറിന്റെ നേതൃത്വത്തിനാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനേയും എൻസിപി സമീപിച്ചിട്ടുണ്ട്.
''നിയമവിരുദ്ധമായ നീക്കമാണ് അവര്‍ നടത്തിയത്. ശരദ് പവാറിനെയും പാര്‍ട്ടിയെയും അവര്‍ ഇരുട്ടിലാക്കി. അജിത് പവാർ അടക്കം ഒൻപത് എംഎൽഎമാർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകണമെന്നാണ് പാർട്ടി അച്ചടക്ക സമിതിയുടെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്‍പത് എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി''- മഹാരാഷ്ട്ര എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു. എത്രയും പെട്ടെന്ന് അപേക്ഷ പരിഗണിക്കണമെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറോട് എൻസിപി ആവശ്യപ്പെട്ടു. പാര്‍ട്ടി നയത്തിന് വിരുദ്ധമായ നീക്കം നടത്തിയതോടെ അവര്‍ സാങ്കേതികമായി അയോഗ്യരായി കഴിഞ്ഞെന്നും പാട്ടീല്‍ പറഞ്ഞു.
എന്നാൽ, എന്‍സിപി എംഎല്‍എമാരുടെ ബിജെപി- ശിവസേന സര്‍ക്കാരിലേക്കുള്ള കൂറുമാറ്റത്തിനെതിരെ നിയമപോരാട്ടത്തിനില്ലെന്നാണ് ശരദ് പവാറിന്റെ പ്രതികരണം.'' ഇതിനെതിരെ നിയമപോരാട്ടം നടത്തേണ്ട ആവശ്യമില്ല. എന്‍സിപിയുടെമേല്‍ ആരെങ്കിലും അവകാശവാദം ഉന്നയിച്ചാലും എനിക്ക് പ്രശ്നമില്ല. ഞങ്ങള്‍ ജനങ്ങളുടെ പിന്തുണ തേടും. അവര്‍ ഞങ്ങളെ പിന്തുണയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്''. ശരദ് പവാര്‍ പറഞ്ഞു.
ഇതിനിടെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശരദ് പവാറിന് പിന്തുണയറിയിച്ച് രംഗത്ത് എത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി എന്നിവര്‍ ശരദ് പവാറിനെ ഫോണില്‍ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാ വികാസ് അഘാഡി സഖ്യത്തിലെ ശിവസേന-എന്‍സിപി പിളര്‍പ്പ് വലിയ തിരിച്ചടിയായാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസമാണ് അജിത് പവാറും കൂട്ടരും എന്‍സിപി വിട്ട് ശിവസേന-ബിജെപി സര്‍ക്കാര്‍ പാളയത്തിലെത്തിയത്. അജിത് പവാറിനൊപ്പം 8 എന്‍സിപി എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന പാര്‍ട്ടിയിലുണ്ടായ സമാനമായ പിളര്‍പ്പിലേക്കാണ് എന്‍സിപിയും നീങ്ങുന്നതെന്ന ചര്‍ച്ചകളും സജീവമായിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാവാണ് ശരദ് പവാര്‍. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനേറ്റ തിരിച്ചടിയായാണ് എന്‍സിപി പിളര്‍പ്പ് വിലയിരുത്തപ്പെടുന്നത്.