അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരദ് പവാറിന്റെ രാജി അംഗീകരിക്കാതെ എൻസിപി സമിതി

അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരദ് പവാറിന്റെ രാജി അംഗീകരിക്കാതെ എൻസിപി സമിതി

ആവശ്യമെങ്കില്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കാം, അധ്യക്ഷസ്ഥാനത്ത് ശരദ് പവാര്‍ തന്നെ തുടരണമെന്ന് ആവശ്യം
Updated on
1 min read

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ശരദ് പവാര്‍ തന്നെ തുടരണമെന്ന് എന്‍സിപി സമിതി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായി പ്രഖ്യാപിച്ച എന്‍സിപി പാനല്‍ ശരദ് പവാറിന്റെ രാജി തീരുമാനം തള്ളി പ്രമേയം പാസാക്കി. രാവിലെ മുംബൈയില്‍ ചേര്‍ന്ന 18 അംഗ പാനല്‍ യോഗമാണ് ശരദ് പവാര്‍ രാജി പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.

പവാറിന്റെ രാജി നിരസിക്കുകയും നേതൃസ്ഥാനത്ത് തുടരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്ന പ്രമേയം മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലാണ് യോഗത്തില്‍ അവതരിപ്പിച്ചത്. 'വര്‍ക്കിങ് പ്രസിഡന്റുമാരെ ആവശ്യമെങ്കില്‍ നിയമിക്കാം, എന്നാല്‍ അധ്യക്ഷസ്ഥാനത്ത് ശരദ് പവാര്‍ തന്നെ തുടരണം' - പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരദ് പവാറിന്റെ രാജി അംഗീകരിക്കാതെ എൻസിപി സമിതി
ശരദ് പവാറിന്റെ പിൻഗാമിയാര്? നിർണായക എൻസിപി യോഗം നാളെ

സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, സുനില്‍ തട്ക്കറെ, പി സി ചാക്കോ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സ് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപെ, ജിതേന്ദ്ര അവ്ഹദ്, ഹസന്‍ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ജയ്‌ദേവ് ഗെയ്ക്വാദ് തുടങ്ങി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ഉള്‍പ്പെടുന്നതാണ് പിന്‍ഗാമിയെ കണ്ടെത്താനായി ശരദ് പവാര്‍ രൂപീകരിച്ച പ്രത്യേക സമിതി.

ശരദ് പവാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തിയിരുന്നു. പ്രത്യേക പാനല്‍ യോഗം ചേര്‍ന്നതിന് പുറത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ ശരദ് പവാര്‍ തുടരണമെന്ന മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധിച്ചിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ശരദ് പവാര്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടു. 2024ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന അഭ്യർഥനയുമായാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തത്. "ഇന്ത്യയിലുടനീളം മതേതര സഖ്യം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്ന ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാൾ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. എൻസിപിയെ നയിക്കാൻ നിങ്ങൾ തന്നെ മുന്നിൽ വേണം," സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരദ് പവാറിന്റെ രാജി അംഗീകരിക്കാതെ എൻസിപി സമിതി
നിർണായക നീക്കങ്ങൾ ലക്ഷ്യമിട്ട വിരമിക്കൽ പ്രഖ്യാപനം; ശരദ് പവാറിന്റെ തീരുമാനം എൻസിപിക്ക് വഴിത്തിരിവാകും

കോൺഗ്രസിൽനിന്ന് പുറത്തുവന്ന് 1999ല്‍ എൻസിപി രൂപീകരിച്ചതു മുതല്‍ പാർട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ശരദ് പവാറാണ്. മഹാരാഷ്ട്രയിൽ ബിജെപിയുമായി അജിത് പവാർ സഖ്യത്തിന് തയ്യാറായെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു അധ്യക്ഷസ്ഥാനം ഒഴിയാനുള്ള പവാറിന്റെ നിർണായക തീരുമാനം.

അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരദ് പവാറിന്റെ രാജി അംഗീകരിക്കാതെ എൻസിപി സമിതി
എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍; ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല

ശിവസേനയെ പിളർത്തി ബിജെപിക്കൊപ്പം ചേർന്ന ഏക്നാഥ് ഷിൻഡെ പക്ഷത്തെ എംഎൽഎമാർ ആയോഗ്യരാക്കപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽ കണ്ട് അജിത് പവാറിനെ കൂടെകൂട്ടാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 53 എന്‍സിപി എംഎല്‍മാരിൽ 40 പേരും അജിത്ത് പവാറിനൊപ്പമെന്ന സമ്മതപത്രം ഒപ്പിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in