തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം

തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി.
Updated on
2 min read

കര്‍ണാടകയിലെ തിരിച്ചടിയും, രാജ്യത്ത് ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി. പഴയ സഖ്യ കക്ഷികളെ പാളയത്തിലെത്തിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ എറ്റുവാങ്ങിയ പരാജയം തന്നെയാണ് ബിജെപിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് തന്നെ ഇതിനെ പ്രതിരോധിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതിന്. ഇതിന്റെ ഭാഗമായി ജനതാദള്‍ സെകുലറിനെ മുന്നണിയിലെത്തിക്കാനാണ് നീക്കം. ജെഡിഎസുമായി മുന്നണി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ ആന്ധ്ര പ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)യെ ഒപ്പം കൂട്ടാനാണ് പദ്ധതി. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിഎയോട് പിണങ്ങിയ ശിരോമണി അകാലിദളുമായി പഞ്ചാബില്‍ ബന്ധം ശക്തമാക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിലും ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ചര്‍ച്ചയായിരുന്നു

മഹാരാഷ്ട്രയില്‍ എക്‌നാഥ് ഷിന്‍ഡേ നേതൃത്വം നല്‍കുന്ന ശിവസേന പക്ഷവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായുള്ള മുന്നണി നിലനിര്‍ത്താനും നേരത്തെ തന്നെ ബിജെപി ധാരണയിലെത്തിയിരുന്നു.

ഇതിന് പുറമെ ഹിന്ദി ഹൃദയ ഭൂമിയിലെ അസ്വസ്ഥതകള്‍ മറികടക്കാന്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറു പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയില്‍ അപ്നാ ദളിനെ നിലനിർത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിലും ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ചര്‍ച്ചയായിരുന്നു.

തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം
ബൈ ബൈ ബിജെപി ട്വിറ്ററിൽ ട്രെൻഡിങ്‌; 40 ശതമാനം കമ്മീഷൻ സർക്കാരിന് വോട്ടില്ലെന്ന് നെറ്റിസൺ

ടിഡിപി, ശിവസേന, ജെഡിയു, ശിരോമണി അകാലിദള്‍ പാര്‍ട്ടികള്‍ മുന്നണി വിട്ട സാഹചര്യം കൈകാര്യം ചെയ്ത രീതി ഈ സംസ്ഥാനങ്ങളിലെ ജനവികാരത്തെ സ്വാധീനിച്ചിരുന്നു എന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. പ്രാദേശിക പാര്‍ട്ടികളെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വികാരം ഉയരാന്‍ ഈ നിലപാടുകള്‍ കാരണമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ മുന്നണിയ്ക്ക് ഒപ്പം നില്‍ക്കുന്നുണ്ടെങ്കിലും ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയില്‍ ബിജെഡി തുടങ്ങിയ പാര്‍ട്ടികള്‍ ഔദ്യോഗികമായി മുന്നണിയുടെ ഭാഗമാകാന്‍ തയ്യാറല്ലാത്ത വിഷയവും പ്രാദേശിക വികാരം തിരിച്ചടിയാകാതിരിക്കാനാണെന്നാണ് ബിജെപി ക്യാമ്പ് വിശ്വസിക്കുന്നത്. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍സിപിയെ പുറത്താക്കി അധികാരം പിടിക്കാനാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ നായിഡുവിനെ പ്രേരിപ്പിക്കുന്നത്.

തിരിച്ചടി വ്യാപകമാവുമെന്ന് ആശങ്ക, പഴയ സഖ്യകക്ഷികളെ തിരിച്ചെത്തിക്കാൻ ബിജെപി നീക്കം
കർണാടകയിലെ തോൽവി: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന നാല് സംസ്ഥാനങ്ങളിൽ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ബിജെപി

മുന്നണി ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഒരു വശത്ത് പുരോഗമിക്കുമ്പോള്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ മുന്നണി സംവിധാനങ്ങളുടെ അടിത്തറയില്‍ ഇളക്കം തട്ടുന്നതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നത്. ഹരിയാനയാണ് ഇതിലെ ഒടുവിലെ ഉദാഹരണം. ഹരിയാന സര്‍ക്കാരില്‍ ബിജെപിയുടെ മുഖ്യ പങ്കാളിയായ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ഹരിയാന സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിജെപി. ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് ഹരിയാനയിലെ ഖാപ്പ് പഞ്ചായത്ത് രംഗത്തെത്തിയ സാഹചര്യം തിരിച്ചടിയാകുമോ എന്ന ഭയം നിലനില്‍ക്കുന്നതിനിടെയാണ് മുന്നണിയിലെ പ്രധാന സഖ്യകക്ഷി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന നിലപാട് സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

logo
The Fourth
www.thefourthnews.in