മലയാളത്തിലുള്‍പ്പെടെ ഒൻപത് പ്രാദേശിക വാര്‍ത്താചാനലുകള്‍; മാറ്റത്തിനൊരുങ്ങി എൻഡിടിവി
വിവിധ ഇന്ത്യൻ ഭാഷകളിൽ ഘട്ടംഘട്ടമായി ഒൻപത് പ്രാദേശിക വാർത്താ ചാനലുകൾ ആരംഭിക്കാനൊരുങ്ങി ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് (എൻഡിടിവി). പ്രാദേശിക ചാനലുകൾ ആരംഭിക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിൽ നിന്ന് അനുമതി തേടാന്‍ കമ്പനി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ച ശേഷം ചാനലുകളുടെ ലോഞ്ചിങ് തീയതികൾ പ്രഖ്യാപിക്കുമെന്ന് എന്‍ഡിടിവി വ്യക്തമാക്കി.
ഇംഗ്ലീഷ് വാർത്താ ചാനലായ എൻഡിടിവി 24x7, ഹിന്ദി വാർത്താ ചാനലായ എൻഡിടിവി ഇന്ത്യ, ബിസിനസ് വാർത്താ ചാനലായ എൻഡിടിവി പ്രോഫിറ്റ് എന്നിവയാണ് നിലവിൽ പ്രവർത്തനത്തിലുള്ളത്. പ്രാദേശിക ഭാഷകളില്‍ മറാഠി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ചാനൽ ആരംഭിക്കാനാണ് തീരുമാനം. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഹിന്ദി ചാനലുകൾ ആരംഭിക്കുന്നതും ആലോചനയിലുണ്ട്.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുപയോഗിച്ച് എൻഡിടിവിയെ കൂടുതൽ ശക്തിപ്പെടുത്താനും ഒരു മൾട്ടി-പ്ലാറ്റ്ഫോം ആഗോള മാധ്യമ സ്ഥാപനമാക്കി മാറ്റാനുമാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനമെന്ന് കമ്പനി ചെയർമാന്‍ ഗൗതം അദാനി പ്രസ്താവനയിൽ അറിയിച്ചു.
എൻഡിടിവി ഉള്‍പ്പെടെയുള്ള അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ നഷ്ടവ്യാപാരം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ബിസിനസ് നീക്കം. 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തലാഭം 97.5% ഇടിഞ്ഞ് 59 ലക്ഷം രൂപയിലെത്തിയെന്നാണ് കമ്പനി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സ്ഥാപനത്തിന്റെ മൊത്തലാഭം 24.16 കോടിയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിലെ വരുമാനമായ 103.8 കോടി രൂപയിൽ നിന്ന് 2022-23ൽ 35.5 ശതമാനം ഇടിവാണ് വരുമാനത്തിൽ രേഖപ്പെടുത്തിയത്. 66.96 കോടി രൂപയായിരുന്നു 2022-23ലെ വരുമാനം. ബാഹ്യവായ്പകൾ കഴിഞ്ഞ വർഷത്തെ 9 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി കുറയ്ക്കാനായെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
നിക്ഷേപകരെ ഓഹരിവില പെരുപ്പിച്ചുകാട്ടി വഞ്ചിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍ വൻ തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടത്. റിപ്പോർട്ടിൽ സുപ്രീംകോടതി ഇടപെടുകയും ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.