നീറ്റ് യു ജി: 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കും, ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് പുനഃപരീക്ഷ
മെഡിക്കൽ ബിരുദ പ്രവേശനപരീക്ഷയായ നീറ്റിനെതിരെ ഉയർന്ന ആരോപണങ്ങൾക്കൊടുവിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികളുടെ സ്കോർ കാർഡ് റദ്ദാക്കാൻ അനുമതി നൽകി സുപ്രീംകോടതി. പരീക്ഷാഫലം വിവാദമായ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷന്റെ ശുപാർശയാണ് വ്യാഴാഴ്ച കോടതി അംഗീകരിച്ചത്.
1563 വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരമുണ്ടാകുമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. പുനഃപരീക്ഷയ്ക്ക് താത്പര്യമില്ലാത്ത വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് കൂട്ടാതെയുള്ള മാർക്കായിരിക്കും പരിഗണിക്കുക. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടക്കുന്നുവെന്ന ഭയം അകറ്റാൻ ജൂൺ 12ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി രൂപീകരിച്ച സമിതിയാണ് ഈ തീരുമാനമെടുത്തത്.
മേയ് അഞ്ചിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി നീറ്റ് പരീക്ഷ നടത്തിയത്
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചായിരുന്നു നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേട്ടത്. അഭിഭാഷകനായ കാനു അഗർവാളാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായി.
2024 മെയ് അഞ്ചിനായിരുന്നു നീറ്റ് പരീക്ഷ നടന്നത്. അതിന് പിന്നാലെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയരുകയും പട്നയിൽ 13 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. തുടർന്നാണ് ജൂൺ നാലിന് പരീക്ഷാഫലം പുറത്തുവരുന്നത്. പിന്നാലെ നിരവധി പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചിലർക്ക് മാത്രം ഗ്രേസ് മാർക്ക് നൽകിയതുമൊക്കെ വലിയ ചർച്ച വിഷയം ആയിരുന്നു.
മേയ് അഞ്ചിനാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി നീറ്റ് പരീക്ഷ നടത്തിയത്. 24 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിന് പിന്നാലെ നിശ്ചയിച്ചതിലും നേരത്തെയായി ജൂൺ നാലിന് മുന്നറിയിപ്പില്ലാതെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതില്‍ 67 പേർക്ക് 720ൽ 720 മാർക്കും ലഭിച്ചിരുന്നു.