നീറ്റ്: പുതുക്കിയ പരീക്ഷാ ഫലം രണ്ട് ദിവസത്തിനുള്ളിൽ; അറിയിപ്പുമായി കേന്ദ്രം
നീറ്റ് യൂജി പരീക്ഷയുടെ അന്തിമ ഫലങ്ങള്‍ രണ്ട് ദിവസത്തിനകം പ്രസിദ്ധീകരിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. നീറ്റ് പരീക്ഷ സംബന്ധിച്ച ആക്ഷേപങ്ങളില്‍ സുപ്രീം കോടതി ഇടപെടലിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാടറിയിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് നീറ്റ്-യുജി മെറിറ്റ് ലിസ്റ്റ് പരിഷ്‌കരിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
പരീക്ഷകളുടെ പവിത്രത സര്‍ക്കാര്‍ പരമോന്നതമായി കണക്കാക്കുന്നു. പരീക്ഷാ ക്രമക്കേടുകളില്‍ ആരെങ്കിലും ഉള്‍പ്പെട്ടാല്‍ അവരെ വെറുതെ വിടില്ല. നിയമ ലംഘനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്ര വിധിക്ക് ശേഷം ഒരു കാര്യമാണ് പറയാനുള്ളത് 'സത്യമേവ ജയതേ' എന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലും പുനഃപരീക്ഷയ്ക്ക് ഉത്തരവിടാതെയായിരുന്നു സുപ്രീം കോടതി നിലപാട് എടുത്തത്
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലും പുനഃപരീക്ഷയ്ക്ക് ഉത്തരവിടാതെയായിരുന്നു സുപ്രീം കോടതി നിലപാട് എടുത്തത്. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. എന്നാല്‍ പരീക്ഷ നടത്തിപ്പില്‍ പോരായ്മ ഉണ്ടായി എന്നാല്‍ പരീക്ഷയുടെ പവിത്രതയെ ബാധിക്കുന്ന തരത്തില്‍ ബാധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നത് 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. അക്കാദമിക് ഷെഡ്യൂള്‍ തടസപ്പെടാന്‍ ഇടയാക്കും. ഹസാരിബാഗിലെയും പട്‌നയിലെയും കേന്ദ്രങ്ങളില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുണ്ടായെന്നു വ്യക്തമാക്കിയ കോടതി, പരീക്ഷാഫലം തകിടം മറിഞ്ഞെന്നോ പരീക്ഷയുടെ പവിത്രതയില്‍ വ്യവസ്ഥാപരമായ ചോര്‍ച്ചയുണ്ടെന്നോ നിഗമനത്തിലെത്താന്‍ മതിയായ തെളിവുകളില്ലെന്നു കോടതി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തില്‍ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.