കാർത്തികേയ സിംഗ്
കാർത്തികേയ സിംഗ്Google

ബിഹാറിൽ പുതിയ നിയമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ്

കാർത്തികേയ സിംഗിനെതിരെ 2014 ലെ തട്ടിക്കൊണ്ട് പോകൽ കേസിൽ ആണ് വാറന്റ് നിലനിൽക്കുന്നത്
Updated on
1 min read

ബിഹാറിലെ പുതിയ നിയമന്ത്രിക്കെതിരെ തട്ടിക്കൊണ്ടു പോകൽ കേസിൽ അറസ്റ്റ് വാറന്റ്. കഴിഞ്ഞ ദിവസം അധികാരത്തിലേറിയ നിതീഷ് കുമാർ മന്ത്രിസഭയിലെ നിയമമന്ത്രിയാണ് കാർത്തികേയ സിംഗ്. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ പാർട്ടിയായ ആർജെഡി അംഗമാണ് കാർത്തികേയ സിംഗ്.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കേസ് നിലനിൽക്കുന്നതായി അറിവില്ലെന്നായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം. എന്നാൽ കാർത്തികേയ സിംഗിന് ദനാപൂർ കോടതിയിൽ കീഴടങ്ങേണ്ടിയിരുന്ന ദിവസമായ ഓഗസ്റ്റ് 16 ന് തന്നെയാണ് അദ്ദേഹം നിതീഷ് കുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

2014 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പട്നയിലെ ബിഹ്ത പോലീസ് സ്റ്റേഷനിലാണ് കാർത്തികേയ സിംഗ് അടക്കം 17 പ്രതികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഒരു ബിൽഡറെ തട്ടിക്കൊണ്ട് പോയി എന്നതാണ് കേസ്. കേസിൽ നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2022 ജൂലൈ 14-നാണ് സിംഗിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ കീഴടങ്ങാൻ നിർദ്ദേശിച്ച ദിവസം അദ്ധേഹം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് കാർത്തികേയ സിംഗിന്റെ വാദം.

നിതീഷ് കുമാർ സർക്കാരിലെ മന്ത്രിമാർ വളരെ മോശം പ്രതിച്ഛായയുള്ളവരാണെന്ന് ബിജെപി ആരോപിച്ചു. ഇത്തരക്കാർക്ക് സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു. 'തട്ടിക്കോണ്ട് പോകാൽ കേസിൽ അറസ്റ്റ് വാറന്റ് നേരിടുന്ന ഒരു വ്യക്തിക്ക് എങ്ങിനെയാണ് അത് മറച്ചുവെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുന്നത് ? ആർജെഡി യുടെ സമ്മർദ്ദത്തിന് മുന്നിൽ നിതീഷ് കുമാർ മുട്ടമടക്കിയെന്നും' നിഖിൽ ആരോപിച്ചു.

ഈ മാസം ആദ്യമാണ് നിതീഷ് കുമാർ എൻഡിഎയിൽ നിന്ന് വേർപിരിഞ്ഞ് തേജസ്വി യദവിന്റെ ആർ ജെ ഡിയും മറ്റു പാർട്ടികളുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കുന്നത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഈ മാസം 10 ന് സത്യാ പ്രതിജ്ഞ ചെയ്തിരുന്നു. അഞ്ച് ദിവസത്തിന് ശേഷം 31 മന്ത്രിമാരെ കൂടി ചേർക്കുകയായിരുന്നു. ഇതിൽ ഭൂരിഭാഗം മന്ത്രിമാരും ആർ ജെ ഡി യിൽ നിന്നാണ്. നിതീഷ് കുമാറിന്റെ ജനതാദളിൽ നിന്ന് 11 മന്ത്രിമാർ മാത്രമാണുണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in