ബിജെപിയും ജെഎംഎമ്മും ഭയക്കുന്നു ഈ ഇരുപത്തിയൊന്‍പതുകാരനെ; ജാര്‍ഖണ്ഡില്‍ പുതിയ നേതാവിന്റെ ഉദയം

ബിജെപിയും ജെഎംഎമ്മും ഭയക്കുന്നു ഈ ഇരുപത്തിയൊന്‍പതുകാരനെ; ജാര്‍ഖണ്ഡില്‍ പുതിയ നേതാവിന്റെ ഉദയം

ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്ക് അടിപതറുകയും ബിജെപിക്ക് നേട്ടമുണ്ടാവുകയും ചെയ്ത തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്ത് പുതിയൊരു നേതാവ് രംഗപ്രവേശം ചെയതു
Updated on
2 min read

തിരഞ്ഞെടുപ്പുകള്‍ എപ്പോഴും പുതിയ താരോദയങ്ങള്‍ക്കും വന്‍ മരങ്ങളുടെ വീഴ്ചകള്‍ക്കും വഴിവയ്ക്കാറുണ്ട്. ജാര്‍ഖണ്ഡില്‍ അങ്ങനെയൊരു താരോദയം സംഭവിച്ചിരിക്കുകയാണ്. ബിജെപി കഷ്ടിച്ച് കടന്നുകൂടുകയും കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് ഒരു ശ്രദ്ധാകേന്ദ്രമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ അറസ്റ്റും അതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളും ജാര്‍ഖണ്ഡിനെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുക്കളില്‍ ഒന്നായി മാറ്റി. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്ക്ക് അടിപതറുകയും ബിജെപിക്ക് നേട്ടമുണ്ടാവുകയും ചെയ്ത തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്ത് പുതിയൊരു നേതാവ് രംഗപ്രവേശം ചെയതു.

പ്രധാന പാര്‍ട്ടികളെല്ലാം ആ വരവിനെ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജയ്‌റാം മഹതോയും അദ്ദേഹത്തിന്റെ ജാര്‍ഖണ്ഡ് ഭസ്‌ക ഖതിയാനി സംഘര്‍ഷ് സമിതി (ജെബികെഎസ്എസ്) എന്ന പാര്‍ട്ടിയുമാണ് ജെഎംഎമ്മിനേയും കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരുപോലെ ഭയപ്പെടുത്തുന്നത്. ബിജെപിക്ക് ഒരല്‍പ്പം ഭയം കൂടുതലാണ്, കാരണം, ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ ഒബിസി വിഭാഗമായ കുട്മി സമുദായത്തിലെ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയാണ് ജയ്‌റാമിന്റെ കടന്നുവരവ്. ആരാണ് ജയ്‌റാം മഹതോ? എന്തിനാണ് ബിജെപിയും മറ്റു പാര്‍ട്ടികളും ഈ വരവിനെ ഭയപ്പാടോടെ നോക്കിക്കാണുന്നത്?

29 വയസ് മാത്രമാണ് ജയ്‌റാം കുമാര്‍ മഹതോയ്ക്ക് പ്രായം. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പിഎച്ച്ഡിക്കാരന്‍. ജനങ്ങളെ കയ്യിലെടുക്കാന്‍ കെല്‍പ്പുള്ള പ്രസംഗം. തീവ്ര ജാര്‍ഖണ്ഡ് വികാരം ഉയര്‍ത്തിപ്പിടിക്കുന്ന നേതാവ്. കുട്മി വിഭാഗത്തിനിടയില്‍ ഇതിനോടകം തന്നെ ജയ്‌റാം നിര്‍ണായക സ്വാധീന ശക്തിയായി മാറിയിട്ടുണ്ട്. ജാര്‍ഖണണ്ഡിലെ പതിനാല് ലോക്‌സഭ മണ്ഡലങ്ങളില്‍ എട്ടിടത്താണ് ജയ്‌റാമിന്റെ പാര്‍ട്ടി നേതാക്കള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചത്. സംസ്ഥാനത്ത് 15 ശതമാനമാണ് കുട്മി വിഭാഗമുള്ളത്. ഇവര്‍ പ്രധാന വോട്ട് ബാങ്കായ മണ്ഡലങ്ങളിലായിരുന്നു ജയ്‌റാം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഒരിടത്തും ജയിച്ചില്ലെങ്കിലും നിര്‍ണായക ശക്തിയായി മാറാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഗിരിധി മണ്ഡലത്തില്‍ മത്സരിച്ച ജയ്‌റാം മൂന്നാം സ്ഥാനത്തെത്തി. ഗിരിധിയില്‍ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയന്‍ പാര്‍ട്ടി (എജെഎസ്‌യുപി) സ്ഥാനാര്‍ഥി 4.51 ലക്ഷം വോട്ട് നേടി വിജയിച്ചപ്പോള്‍ ജെഎംഎം സ്ഥാനാര്‍ഥി 3.47 ലക്ഷം വോട്ട് നേടി. ജയ്‌റാം മഹതോയ്ക്ക് ലഭിച്ചത് 3.47 ലക്ഷം വോട്ടാണ്. ഈ മണ്ഡലത്തിലെ രണ്ട് നിയമസഭ മണ്ഡലങ്ങളില്‍ മഹതോയായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്.

ബിജെപിയും ജെഎംഎമ്മും ഭയക്കുന്നു ഈ ഇരുപത്തിയൊന്‍പതുകാരനെ; ജാര്‍ഖണ്ഡില്‍ പുതിയ നേതാവിന്റെ ഉദയം
വൈ എസ് ആറിനു പകരം എന്‍ ടി ആര്‍! പദ്ധതികളെല്ലാം ഭാര്യാപിതാവിന്റെ പേരിലെഴുതി ചന്ദ്രബാബു നായിഡു

ബിജെപി ജയിച്ച റാഞ്ചിയില്‍ രണ്ടാം സ്ഥാനത്തെത്തിയത് ജെബികെഎസ്എസ് സ്ഥാനാര്‍ഥിയാണ്. ഹസാരിബാഗിലും ജെബികെഎസ്എസ് രണ്ടാം സ്ഥാനത്തെത്തി. രണ്ടുവര്‍ഷം മുന്‍പാണ് ജെബികെഎസ്എസ് സ്ഥാപിതമായത്. ജാര്‍ഖണ്ഡിലെ തൊഴില്‍ അവസരങ്ങള്‍ ജാര്‍ഖണ്ഡിലെ യുവാക്കള്‍ക്ക് തന്നെ നല്‍കണം എന്നതടക്കമുള്ള തീവ്ര പ്രാദേശികവാദം ഉയര്‍ത്തിയായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന എജെഎസ്‌യു ഉയര്‍ത്തിയിരുന്ന അതേ മുദ്രാവാക്യങ്ങള്‍. എജെഎസ്‌യുവാണ് ജയ്‌റാമിന്റെ വരവിനെ കൂടുതല്‍ ഭയപ്പെടുന്നത്. കാരണം, കുട്മി വിഭാഗം എജെഎസ്‌യുവിന്റെ പ്രധാന വോട്ട് ബാങ്കായിരുന്നു. ഇതില്‍ വിള്ളലുണ്ടാകുന്നത് എജെഎസ്‌യുവിന്റെ നിലനില്‍പ്പിനെ ബാധിക്കും. അതുകൊണ്ട് ജയ്‌റാമിനെ കടന്നാക്രമിച്ചുള്ള പ്രചാരണമാണ് ഇത്തവണ എജെഎസ്‌യു നടത്തിയത്.

''രണ്ട് വര്‍ഷം മാത്രമാണ് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രായം. എന്നിട്ടും എട്ടുലക്ഷത്തിന് മുകളില്‍ വോട്ട് ഞങ്ങള്‍ നേടി. ഗിരിധിയില്‍ ഞാന്‍ 27 ശതമാനം വോട്ട് നേടി. ഒരു ബൂത്ത് മാനേജ്‌മെന്റോ പണക്കൊഴുപ്പോ ഇല്ലാതെയാണ് ഞങ്ങള്‍ പോരാടിയത്. പോസ്റ്ററുകള്‍ക്കും ബാനറുകള്‍ക്കും ഞങ്ങളുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പണം കണ്ടെത്തിയത്. ജാര്‍ഖണ്ഡിലെ യുവാക്കളാണ് ഞങ്ങളെ പിന്തുണച്ചത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 81 സീറ്റിലും മത്സരിക്കാനാണ് ഞങ്ങളുടെ തീരുമാനം'', ജയ്‌റാം കുമാര്‍ മഹതോ.

44 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 19 ശതമാനവും ജെഎംഎമ്മിന് 14 ശതമാനവും വോട്ടാണ് ലഭിച്ചത്. നിയമസഭ മണ്ഡലങ്ങളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 35-ഓളം മണ്ഡലങ്ങളില്‍ കുട്മി വോട്ടുകള്‍ നിര്‍ണായകമാണ്. ഇവിടെ ജയ്‌റാമിന്റെ പാര്‍ട്ടി കളംപിടിച്ചാല്‍ ബിജെപിക്കും എജെഎസ്‌യുവിനും കോണ്‍ഗ്രസിനും ഒരുപോലെ വെല്ലുവിളിയാകും. ആദിവാസി വിഭാഗമാണ് ജെഎംഎമ്മിന്റെ പ്രധാന വോട്ട് ബാങ്ക്. അതുകൊണ്ടുതന്നെ, പുതിയ പാര്‍ട്ടിയുടെ വരവ് ജെഎംഎം കാര്യമായി എടുക്കുന്നില്ല. എന്നിരുന്നാലും മാറിയ സാഹചര്യത്തില്‍ ജയ്‌റാം കുമാര്‍ നഹ്‌തോയുടെ അഴിമതി വിരുദ്ധ, തീവ്ര പ്രാദേശികവാദ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് ജെഎംഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ബിജെപിയും ജെഎംഎമ്മും ഭയക്കുന്നു ഈ ഇരുപത്തിയൊന്‍പതുകാരനെ; ജാര്‍ഖണ്ഡില്‍ പുതിയ നേതാവിന്റെ ഉദയം
കണ്ടത് ട്രെയ്‌ലര്‍, ഇനിയാണ് പോരാട്ടം; ബാരാമതിയില്‍ അജിത് പവാറിനെ വീഴ്ത്താന്‍ അനന്തരവന്‍ വരുമോ?

അഴിമതി കേസില്‍ ഹേമന്ത് സോറനെ ജയിലിലാക്കുകയും ജെഎംഎമ്മിനെ പ്രതിരോധത്തിലാക്കാനും കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ബിജെപിക്ക്, അഴിമതി വിരുദ്ധ പ്രചതിച്ഛായ വീണ്ടെടുക്കാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ജയ്‌റാമിന്റെ കടന്നുവരവ് ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്. തങ്ങളൊരുക്കിയ ഗ്രൗണ്ടിലാണ് ജയ്‌റാം ഇപ്പോള്‍ ഗോളടിക്കാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി കരുതുന്നു. അഴിമതി വിരുദ്ധ, തീവ്ര പ്രാദേശിക വാദവുമായി ജയ്‌റാം യുവാക്കള്‍ക്കിടയിലേക്ക് കൂടുതലിറങ്ങിയാല്‍ തങ്ങളുടെ പദ്ധതികള്‍ അവതാളത്തിലാകുമെന്ന് ബിജെപി ഭയക്കുന്നു.

logo
The Fourth
www.thefourthnews.in