പരിപാടിക്ക് മുൻപ് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വേണം; കുട്ടി കലാകാരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ

പരിപാടിക്ക് മുൻപ് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വേണം; കുട്ടി കലാകാരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ

ഒരു ദിവസം അഞ്ച് മണിക്കൂറിൽ കൂടുതൽ ബാലതാരങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്
Updated on
1 min read

വിനോദ രംഗത്ത് ജോലി ചെയ്യുന്ന കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ കർശന നിബന്ധനകളുമായി ദേശീയ ബാലാവകാശ കമ്മീഷൻ. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ബാലതാരങ്ങളുടെ വിവരങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കി അനുമതി വാങ്ങണം.

ഷൂട്ടിങ് സൈറ്റുകളിൽ കുട്ടികൾക്കൊപ്പം മുഴുവൻ സമയവും രക്ഷിതാക്കൾ ഉണ്ടാകണം. ഒരു ദിവസം അഞ്ച് മണിക്കൂറിൽ കൂടുതൽ ബാലതാരങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. എല്ലാ പ്രൊഡക്ഷൻ ഹൗസുകളും നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

പുതിയ മാർഗനിർദേശങ്ങളുടെ കരട് രേഖ കഴിഞ്ഞ വർഷം കമ്മീഷൻ പുറത്തിറക്കുകയും അഭിപ്രായ സർവേ നടത്തുകയും ചെയ്തിരുന്നു. ഒരു കുട്ടി ഓഡിയോ-വിഷ്വൽ മീഡിയ നിർമാണത്തിലോ ഏതെങ്കിലും വാണിജ്യ ഇവന്റിലോ പങ്കെടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെ അടുക്കൽ നിന്നുള്ള അനുമതി നിർമാതാവ് വാങ്ങണം. ചിപ്‌സ്, കാർബണേറ്റഡ് പാനീയങ്ങൾ, മറ്റ് ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങളുടെ പരസ്യങ്ങൾ കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടിയിലോ ചാനലുകളിലോ കൊടുക്കാനും പാടില്ല.

ഒരു ദിവസം അഞ്ച് മണിക്കൂറിൽ കൂടുതൽ ബാലതാരങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതും വിലക്കി

കുട്ടിയുടെ പങ്കാളിത്തം ഉൾപ്പെടുന്ന ഓഡിയോ-വിഷ്വൽ ഷൂട്ടിങ്ങുകൾക്കിടയിൽ കുട്ടികളെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നിർമാതാവിന്റെ ചുമതലയാണ്. ഇത്തരത്തിൽ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് സിനിമ, ടീവീ സീരിയൽ, റിയാലിറ്റി ഷോകൾ, സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്ന വിഡിയോകൾ എന്നിവയുടെ തുടക്കത്തിൽ എഴുതി കാണിക്കണം.

അവരുടെ ശമ്പളത്തിന്റെ ഏകദേശം 20 ശതമാനം സ്ഥിര നിക്ഷേപ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കണം. വസ്ത്രങ്ങൾ മാറുന്ന റൂമുകളിൽ കുട്ടികളും മുതിർന്നവരും ഇടകലരാൻ പാടില്ല. ആറ് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണെങ്കിൽ ഒരു രക്ഷിതാവോ നിയമപരമായ രക്ഷാകർത്താവോ എല്ലായ്‌പ്പോഴും ഒപ്പമുണ്ടാകണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

"ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ കുറച്ചുകൊണ്ട് ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം കുട്ടികൾക്ക് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കുട്ടികളുടെ വരുമാനത്തിനുള്ള നിയമപരമായ അവകാശം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, നിയമങ്ങൾ മുഖേനയുള്ള മതിയായ പരിരക്ഷകളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ മൂലം കുട്ടികൾ ചൂഷണത്തിന് ഇരകളാകുന്നു. ഒരു നിരീക്ഷണ സംവിധാനത്തിന്റെ അഭാവത്തിൽ ഈ വ്യവസായത്തിലെ കുട്ടികൾ ഗുരുതരമായ അപകടസാധ്യതയിലാണ് " കമ്മീഷൻ ചെയർപേഴ്സണ്‍ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, എന്നിവയുടെ വരവോടുകൂടി കുട്ടികൾക്ക് യോജിച്ചതല്ലാത്ത എന്റർടൈൻമെന്റ് ഉള്ളടക്കങ്ങൾ അവർക്ക് എളുപ്പം ലഭിക്കുന്നുവെന്നും ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in