'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

എന്‍സിപി നേതാവും സല്‍മാന്റെ അടുത്ത സുഹൃത്തുമായ ബാബാ സിദ്ധിഖിയെ കഴിഞ്ഞാഴ്ചയാണ് അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്
Updated on
1 min read

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. അഞ്ചു കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശം സ്ഥിതിയാകുമെന്നുമാണ് ഭീഷണി. മുംബൈ പോലീസിനാണ് ഇതുസംബന്ധിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നാണ് മുംബൈ പോലീസിന്റെ നിഗമനം.

''ജീവിച്ചിരിക്കണമെന്നും ലോറന്‍സ് ബിഷ്‌ണോയിയുടെ ശത്രുത അവസാനിക്കണമെന്നും ആഗ്രഹമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്‍ ഇടന്‍ അഞ്ച് കോടി രൂപ നല്‍കണം. ഈ ആവശ്യം ലഘൂകരിച്ചു കാണരുത്. അവഗണിച്ചാല്‍ സല്‍മാന്റെ സ്ഥിതി ബാബാ സിദ്ധിഖിയേക്കാള്‍ മോശമാകും''- എന്നായിരുന്നു ഭീഷണി സന്ദേശം.

എന്‍സിപി നേതാവും സല്‍മാന്റെ അടുത്ത സുഹൃത്തുമായ ബാബാ സിദ്ധിഖിയെ കഴിഞ്ഞാഴ്ചയാണ് അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. എംഎല്‍എ കൂടിയായ മകന്‍ സീഷന്‍ സിദ്ധിഖിയുടെ ഓഫീസിനു മുന്നില്‍വച്ച് പട്ടാപ്പകലാണ് കൊലപാതകം നടന്നത്. സംഭവത്തിനു പിന്നാലെ തന്നെ ഉത്തരവാദിത്ത ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ് രംഗത്തു വന്നിരുന്നു. കേസില്‍ ഇതുവരെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിദ്ധിഖി വധത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സല്‍മാന് വീണ്ടും വധഭീഷണി ലഭിച്ചിരിക്കുന്നത്.

അതേസമയം സല്‍മാന്‍ ഖാന്‍ ഫാം ഹൗസ് കേസില്‍ ബിഷ്‌ണോയി ഗ്യാങ്ങിലെ ഒരാളെക്കൂടി ഇന്നലെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. പാകിസ്താനില്‍ നിന്ന് ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തുന്നതിലെ പ്രധാന സൂത്രധാരനായ സുഖ കല്ലുയയാണ് ഇന്നലെ പിടിയിലായത്. സല്‍മാനെ കൊലപ്പെടുത്താന്‍ എകെ 47, എം16, എകെ92 തുടങ്ങിയ ആയുധങ്ങള്‍ എത്തിച്ചത് സുഖയയാണ്.

logo
The Fourth
www.thefourthnews.in