ഗണങ്കൂരിലും ഇന്ന് മുതൽ ടോൾ; ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ യാത്ര കീശകീറും

ഗണങ്കൂരിലും ഇന്ന് മുതൽ ടോൾ; ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ യാത്ര കീശകീറും

വടക്കൻ കേരളത്തിലേക്കുള്ള യാത്രാ ചെലവേറും
Updated on
2 min read

ബെംഗളൂരു - മൈസൂരു അതിവേഗ പാതയിൽ പുതിയൊരു ടോൾ പ്ലാസ കൂടി ഇന്ന് തുറക്കുകയാണ്. ശ്രീരംഗംപട്ടണയ്ക്ക് സമീപം ഗണങ്കൂരിൽ കൂടി ഇനി യാത്രക്കാർ ടോൾ നൽകണം. നേരത്തെ ബിഡദിയിലെ കണിമെണികെയിൽ മാത്രമായിരുന്നു യാത്രക്കാർ ടോൾ നൽകേണ്ടിയിരുന്നത്. ടോൾ ഒരിടത്ത് കൂടി നിലവിൽ വരുന്നതോടെ ഇപ്പോൾ നൽകുന്നതിന്റെ ഇരട്ടിയിലധികം പണം യാത്രക്കാരുടെ കീശയിൽ നിന്ന് ചോരും.

ബിഡദിയിൽ നൽകേണ്ട ടോൾ നിരക്ക് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ പാത അതോറിറ്റി 23 ശതമാനയായി വർധിപ്പിച്ചിരുന്നു. അതിനെതിരെ പാതയിൽ സമരം നടന്നുവരവെയാണ് രണ്ടാമത്തെ ടോൾ ബൂത്ത് തുറക്കുന്നതും പിരിവ് തുടങ്ങുന്നതും. കാർ ,ജീപ്പ് , വാൻ തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ബിഡദിയിൽ 165 രൂപയും ശ്രീരംഗപട്ടണയിൽ 155 രൂപയും നൽകണം. ഈ വക വാഹനങ്ങളിൽ വരുന്ന യാത്രക്കാരിൽ നിന്ന് ആകെ 320 രൂപയാണ് ഒരു തവണ ഈടാക്കുക. മിനി ബസുകൾ ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവ 505 രൂപ നൽകണം. ശ്രീരംഗപട്ടണയിൽ 235 രൂപയും ബിഡദിയിൽ 270 രൂപയും ചേർത്തുള്ള കണക്കാണിത്. മടക്കയാത്ര കൂടി ഉണ്ടെങ്കിൽ ടോളിനായി ആയിരം രൂപയുടെ അടുത്ത് മാറ്റിവെച്ചെ പറ്റൂ എന്നതാണ് അവസ്ഥ.

ഗണങ്കൂരിൽ ടോൾ നൽകേണ്ടി വരുന്നതോടെ ടോൾ നിരക്കിൽ വരുന്ന വ്യത്യാസം എങ്ങനെയെന്ന് നോക്കാം

രണ്ടു ആക്സിൽ ഉളള വാഹനങ്ങൾ 1,090 രൂപയും മൂന്നു ആക്‌സിലുള്ളവ 1,190 രൂപയും നാല് മുതൽ ആറ് ആക്‌സിലുള്ളവ 1,710 രൂപയും ഒറ്റ യാത്രയ്ക്ക് ടോൾ നൽകണം. മടക്കയാത്ര ഉണ്ടെങ്കിൽ ടോൾ നിരക്ക് യഥാക്രമം 1640 , 1785 , 2570 എന്നിങ്ങനെ ആകും.

അതിവേഗ പാതകൊണ്ട് ഏറ്റവും ഗുണം വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കാണ്. കേരളത്തിനും കർണാടകയ്ക്കും ഇടയിൽ ഒരു വ്യവസായി ഇടനാഴി ആയി പാത വർത്തിക്കുകയാണ്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള യാത്രാ സമയം 90 മിനിറ്റായി കുറയ്ക്കുന്നു എന്നതാണ് അതിവേഗ പാതയുടെ മേന്മ. എന്നാൽ പാത ഗതാഗതത്തിന് തുറന്നു കൊടുത്തത് മുതൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് താങ്ങാനാവാത്ത ടോൾ നിരക്കാണ്. ടോളിന്റെ പേരിൽ നിരവധി തവണ അതിവേഗപാതയിൽ യാത്രക്കാരും ജീവനക്കാരും ഏറ്റുമുട്ടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in