അരവിന്ദ് കെജരിവാൾ ദി ന്യൂയോർക് ടൈംസ് പത്രവുമായി
അരവിന്ദ് കെജരിവാൾ ദി ന്യൂയോർക് ടൈംസ് പത്രവുമായി Google

ഡല്‍ഹിയിലെ സ്കൂളുകളെ കുറിച്ചുള്ള ലേഖനം; ബിജെപിയുടെ പെയ്ഡ് ന്യൂസ് ആരോപണം തള്ളി 'ദ ന്യൂയോര്‍ക്ക് ടൈംസ്'

ആം ആദ്മി പാര്‍ട്ടി പണം നല്‍കി ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം പ്രസിദ്ധീകരിച്ചെന്നായിരുന്നു ബിജെപി ആരോപണം
Updated on
1 min read

ഡല്‍ഹിയിലെ സ്കൂളുകളുടേയും ആരോഗ്യമേഖലയുടേയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുള്ള ലേഖനം 'പെയ്ഡ് ' ആണെന്ന ബിജെപിയുടെ ആരോപണം തള്ളി അമേരിക്കന്‍ ദിനപത്രം ദ ന്യൂയോര്‍ക്ക് ടൈംസ് . ആം ആദ്മി പാര്‍ട്ടി പണം നല്‍കി പ്രസിദ്ധീകരിച്ച പരസ്യമാണ് ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്തയെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഖലീജ് ടൈംസിലും സമാന ലേഖനം പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാണ് ന്യൂയോര്‍ക്ക് ടൈംസിന്റേതെന്ന് എക്സ്റ്റേർണൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ നിക്കോൾ ടൈലർ പറഞ്ഞു . രാഷ്ട്രീയത്തില്‍ നിന്നും പരസ്യദാതാവിന്റെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമായ , നിഷ്പക്ഷമായ വാര്‍ത്തകള്‍ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രതിനിധി ഡല്‍ഹി സന്ദര്‍ശിച്ച് തയ്യാറാക്കിയ ലേഖനമായിരുന്നു അതെന്നും നിക്കോള്‍ ടൈലര്‍ വ്യക്തമാക്കി. ഖലീജ് ടൈംസ് സമാന ലേഖനം പ്രസിദ്ധീകരിച്ചെന്ന ബിജെപി ആരോപണത്തിനും പത്രം വിശദീകരണം നല്‍കി. സബ്സ്ക്രിപ്ഷന്‍ ഉപയോഗിച്ച് ന്യൂയോര്‍ക്ക് ടൈംസിന് കടപ്പാട് നല്‍കിയാണ് ഖലീജ് ടൈംസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് നിക്കോള്‍ ടൈലര്‍ ചൂണ്ടിക്കാട്ടി.

ന്യൂയോർക് ടൈംസ് ഓൺലൈൻ പതിപ്പിൽ ഓഗസ്റ്റ് 16നും പത്രത്തിന്റെ അന്താരാഷ്ട്ര പതിപ്പില്‍ ഓഗസ്റ്റ് 18നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. രാജ്യ തലസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആം ആദ്മി പാര്‍ട്ടി കൊണ്ടുവന്ന മാറ്റങ്ങളെ പറ്റിയാണ് ലേഖനം. ഇക്കാര്യത്തില്‍ മനീഷ് സിസോദിയയുടെ പങ്കിനെ കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

ഒരേ വ്യക്തി എഴുതിയ ലേഖനം ന്യൂയോര്‍ക്ക് ടൈംസും ഖലീജ് ടൈംസും പ്രസിദ്ധീകരിച്ചത് പണം നല്‍കിയുള്ള പ്രമോഷനാണെന്നായിരുന്നു ബിജെപിയുടെ ഐ ടി സെല്‍ മേധാവി അമിത് മാളവ്യയുടെ ആരോപണം. ബിജെപി നേതാവ് പര്‍വേഷ് വര്‍മ്മയും ഇതേ വാദമുയര്‍ത്തി.

എന്നാല്‍ ആരോപണം തള്ളി ആം ആദ്മി നേതാക്കളും രംഗത്ത് വന്നു. പണം നല്‍കി ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെങ്കില്‍, പണവും സ്വാധീനവുമുള്ള നിങ്ങള്‍ ഒരു ആര്‍ട്ടിക്കിള്‍ പ്രസിദ്ധപ്പെടുത്താന്‍ ശ്രമിച്ച് നോക്കൂ എന്നായിരുന്നു ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജിന്‌റെ പ്രതികരണം.

പുതിയ മദ്യനയത്തിന്റെ പേരില്‍ മനീഷ് സിസോദിയയെ ലക്ഷ്യമിട്ട് സിബിഐ റെയ്ഡ് നടത്തിയത് ലേഖനം പ്രസിദ്ധീകരിച്ച ശേഷമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

logo
The Fourth
www.thefourthnews.in