ഹിജാബ് വിഷയം: അനുകൂലിക്കുന്നവരെ 'അല്‍ഖ്വയ്ദ' എന്ന് ആക്ഷേപിച്ചു, ന്യൂസ് 18 ഇന്ത്യക്ക് പിഴ
കര്‍ണാടകയിലെ ഹിജാബ് വിഷയം റിപ്പോര്‍ട്ട് ചെയ്തതില്‍ സാമുദായിക നിറം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂസ് 18 ഇന്ത്യയ്‌ക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തി. ഹിജാബിനെ പിന്തുണയ്ക്കുന്നവരെ അല്‍ഖ്വയ്ദ, സവാഹിരി അനുകൂലികള്‍ എന്നിങ്ങനെ വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി. വാര്‍ത്താ അവതാരകനായ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ബിഡിഎസ്എ പിഴ ചുമത്തിയത്.
2022 ഏപ്രിലിലാണ് നടപടിക്ക് ആസ്പദമായ ചര്‍ച്ചകള്‍ ചാനല്‍ സംപ്രേഷണം ചെയ്തത്. കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ ഹിജാബ് ധരിക്കുന്നതിനുള്ള അവകാശത്തെ അനുകൂലിക്കുന്ന പാനലിസ്റ്റുകളെ ഭീകര നേതാവ് സവാഹിരിയുമായി ബന്ധപ്പെടുത്തി അവതാരകന്‍ സംസാരിച്ചു. പാനലിസ്റ്റുകളെ 'സവാഹിരി സംഘങ്ങള്‍', 'സവാഹിരി അംബാസിഡര്‍' എന്നിങ്ങനെ മുദ്രകുത്തിയതായും എന്‍ബിഡിഎസ്എ കണ്ടെത്തി.
വാര്‍ത്താ ചാനലുകളുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ സംസാരിക്കുന്ന ടെക് എത്തിക്‌സ് പ്രൊഫഷണല്‍ ഇന്ദ്രജിത്ത് ഘോര്‍പഡെ എപ്രില്‍ 10ന് നല്‍കിയ പരാതിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.
വാര്‍ത്താ അവതാരകന്‍ അമന്‍ ചോപ്ര മുസ്ലിം വിദ്യാര്‍ത്ഥികളെ 'ഹിജാബി ഗാങ്' , 'ഹിജാബ്‌വാലി ഗസ്വ ഗാങ്' എന്ന് വിളിച്ച് ആക്ഷേപിച്ചതായും കണ്ടെത്തി. ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എന്‍ബിഡിഎസ്എ മുന്നറിയിപ്പ് നല്‍കി.